മുൻ പഞ്ചായത്തംഗത്തിന്റെ വീടും കാറും തകർത്തു; ബന്ധു അറസ്റ്റിൽ
text_fieldsകൊരട്ടി: കൊരട്ടി പഞ്ചായത്തിലെ മുൻ സി.പി.എം വനിതാ അംഗത്തിന്റെ വീടും കാറും ബന്ധുവായ യുവാവ് അടിച്ചുതകർത്തു. പാറക്കൂട്ടത്ത് താമസിക്കുന്ന സിന്ധു ജയരാജന്റെ വീടിനുനേരെ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ഭർത്താവിന്റെ ബന്ധു കോനൂർ പള്ളിപറമ്പിൽ അശ്വിനെ (21) അറസ്റ്റ് ചെയ്തു. ക്രിമിനൽ സ്വഭാവക്കാരനായ അശ്വിനെ പൊലീസ് കേസുകളിൽനിന്ന് സിന്ധു രക്ഷപ്പെടുത്താത്തതിലുള്ള വ്യക്തിപരമായ പകയാണ് ആക്രമണ കാരണം. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന ഇയാൾ അടിപിടി കേസുകളിൽ പ്രതിയാണ്.
വെട്ടുകത്തിയുമായി ഇയാൾ കയറിവരുമ്പോൾ മകന്റെ കുട്ടിയെയും എടുത്ത് നിൽക്കുകയായിരുന്ന സിന്ധു മുൻവാതിൽ അടച്ചു. ഇതേത്തുടർന്ന് അസഭ്യംപറഞ്ഞ് വാതിലിനോട് ചേർന്ന ജനാലയുടെ ചില്ലുകൾ വെട്ടുകത്തി ഉപയോഗിച്ച് തകർത്തു.
അതിലൂടെ വെട്ടുകത്തി കടത്തി കൊല്ലുമെന്ന് ആക്രോശിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വീടിന്റെ പോർച്ചിലുണ്ടായിരുന്ന കാറിനുനേരെയായിരുന്നു പിന്നീട് പരാക്രമം. കാറിന്റെ മുന്നിലെയും പിന്നിലെയും വശങ്ങളിലെയും ചില്ലുകളും ഇയാൾ നിശ്ശേഷം തകർത്തു. ഇതിനുശേഷമാണ് പൊലീസെത്തി അശ്വിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.