വെറ്ററിനറി കോളജിൽ മരം വീണ് നാലുപേർക്ക് പരിക്ക്
text_fieldsമണ്ണുത്തി: വെറ്ററിനറി കോളജില്‍ ശ്വാന പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വൻ മരം കടപുഴകി വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. മരത്തിന് ചുവട്ടില്‍ നിർത്തിയിട്ട നാല് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ആനപ്പാറ കൊമ്പത്ത് പറമ്പില്‍ നല്ലവീരന്റെ മകന് ഉദണ്ഡന്‍ (73), തോപ്പില്‍ വീട്ടില്‍ ചാമിയുടെ മകന് നല്ലവീരന്‍ (72), പുത്തൂര്‍ പയ്യേരി വീട്ടില്‍ ശങ്കുവിന്റെ മകന് രവീന്ദ്രന് (65), തെക്കുംകര താഴുത്തേതില് വീട്ടില്‍ വേലുവിന്റെ മകന് രാമചന്ദ്രന് (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ശ്വാന പ്രദര്ശനത്തിനെത്തിയവരുടെ വാഹനങ്ങള്‍ക്കാണ് കേട് സംഭവിച്ചത്. വാഹനങ്ങളില്‍ ഉണ്ടായിരുന്ന മൃഗങ്ങള്‍ക്ക് പരിക്കില്ല. ഞായറാഴ്ച 12.30ഒടെയാണ് അപകടം. ശബ്ദംകേട്ട് മരച്ചുവട്ടിലുണ്ടായിരുന്നവര് ഓടിരക്ഷപ്പെടുകയായിരുന്നു.
നിർത്തിയിട്ടിരുന്ന വാഹനങ്ങളില്‍ വിവധ ഇനത്തില്‍പ്പെട്ട വിലകൂടിയ ഇനം നായ്ക്കള്‍ ഉണ്ടായിരുന്നു. ഒരു ഇന്നോവ കാറിന് മുകളിലേക്കാണ് മരംവീണത്. കാര്‍ പൂര്‍ണമായി തകര്‍ന്നു. മറ്റു മൂന്ന് കാറുകള്‍ക്കും ഭാഗികമായി കേട് സംഭവിച്ചു.
ഉടന്‍ മണ്ണുത്തി പൊലീസും തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപായി. ഫയര്‍ഫോഴ്സ് രണ്ട് മണിക്കൂര്‍ കഠിനപ്രയത്നം ചെയ്താണ് മരം മുറിച്ചുമാറ്റി കാറുകള്‍ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.