ആർമി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഡ്രൈവിങ് സ്കൂളുകാരിൽനിന്ന് തട്ടിപ്പിന് ശ്രമം
text_fieldsതൃശൂർ: ആർമി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഡ്രൈവിങ് സ്കൂളുകാരിൽനിന്ന് തട്ടിപ്പിന് ശ്രമം. കഴിഞ്ഞദിവസമാണ് തൃശൂരിലെ ഡ്രൈവിങ് സ്കൂൾ ഉടമക്ക് ഫോൺ കാൾ ലഭിച്ചത്. താൻ ആർമിയിലാണെന്നും കുടുംബം തൃശൂരിൽ ഷൊർണൂർ റോഡിൽ താമസിക്കുന്നുവെന്നും മക്കൾക്ക് ഡ്രൈവിങ് പഠിക്കാനാണ് വിളിക്കുന്നതെന്നും പരിചയപ്പെടുത്തിയാണ് സംഭാഷണം ആരംഭിച്ചത്.
ഹിന്ദിയിലാണ് സംഭാഷണമെങ്കിലും തൃശൂർ നഗരത്തെ പരിചിതമെന്ന നിലയിലായിരുന്നു സംസാരം. ഫീസ് എത്രയാവുമെന്നും പണം ഗൂഗിൾ പേ ചെയ്ത് തരാമെന്നും ഫോണിൽ വരുന്ന ഒ.ടി.പി പറഞ്ഞ് തരാനും ആവശ്യപ്പെട്ടുവത്രെ. രണ്ടുതവണയായി വിളിച്ചായിരുന്നു സംസാരം. വാട്സ്ആപ്പിൽ ഭാര്യയും മക്കളുമാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയുടെയും രണ്ട് യുവാക്കളുടെയും പടങ്ങളും അയച്ച് നൽകി.
എന്നാൽ, സംശയത്തിൽ ചില പ്രതികരണങ്ങൾ നടത്തിയതോടെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. നേരത്തേ ആർമിയുടെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ നൽകിയും ആർമി ഉദ്യോഗസ്ഥരെന്ന വ്യാജേന സൈന്യത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആളുകളിൽനിന്ന് പണം തട്ടിയെടുത്ത സംഭവവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.