നാപ്ടോളിന്റെ പേരിൽ തട്ടിപ്പ്: വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു
text_fieldsതൃശൂർ: ഓൺലൈൻ, ടെലി ഷോപ്പിങ് കമ്പനിയായ നാപ്ടോളിന്റെ പേരിലുള്ള തട്ടിപ്പിനിരയായ വീട്ടമ്മക്ക് 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂരിലെ വീട്ടമ്മ രണ്ടാഴ്ച മുമ്പ് നാപ്ടോളിൽനിന്ന് സാധനങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നാപ്ടോളിൽനിന്ന് ഒരു കത്ത് ഇവരുടെ തപാൽ വിലാസത്തിൽ ലഭിച്ചു. ഉത്സവകാലം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സമ്മാനം നൽകുന്നുണ്ടെന്നും അതിന്റെ ഭാഗമായി ഒരു സ്ക്രാച്ച് ആൻഡ് വിൻ കാർഡ് ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നുമായിരുന്നു കത്തിൽ. വിവരങ്ങൾക്ക് ബന്ധപ്പെടാൻ മൊബൈൽ ഫോൺ നമ്പറും നൽകിയിരുന്നു. കാർഡ് ഉരസി നോക്കിയപ്പോൾ അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കണ്ടു. കത്തിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ് പകർപ്പ്, ഫോട്ടോ എന്നിവ അവർ വാങ്ങി.
സമ്മാനമായി ലഭിച്ച തുക എത്രയും വേഗം അക്കൗണ്ടിലിടുമെന്നും ഇതിലേക്ക് പ്രോസസിങ് ഫീ ഇനത്തിൽ 10,000 രൂപ ആവശ്യമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മ അവർ നിർദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. രണ്ടു ദിവസത്തിനകം അക്കൗണ്ടിലേക്ക് പണം എത്തുമെന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മ കാത്തിരുന്നു. എന്നാൽ, നികുതിയിനത്തിൽ 20,000 രൂപകൂടി അടക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തുക സമ്മാനത്തുകയോടൊപ്പം തിരികെ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതോടെ വീട്ടമ്മ ആ തുകകൂടി അയച്ചുനൽകി. നിശ്ചിത സമയം കഴിഞ്ഞും സമ്മാനം ലഭിക്കാതായതോടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മറ്റ് കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്നാണ് പൊലീസിന് പരാതി നൽകിയത്.
വിവിധ വ്യാപാരസ്ഥാപനങ്ങളുടെ പേരിലും ഓൺലൈൻ വെബ്സൈറ്റുകളുടെ പേരിലും ബംപർ സമ്മാനം, ലോട്ടറി, കാർ തുടങ്ങിയവ ലഭിച്ചു എന്ന് പറഞ്ഞുകൊണ്ട് ലഭിക്കുന്ന ഫോൺ സന്ദേശം, എസ്.എം.എസ്, ഇ-മെയിൽ, കത്തിടപാടുകൾ എന്നിവ വിശ്വസിക്കരുതെന്നും കെണിയിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.