ഫിനാൻസ് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; ഉടമ റിമാൻഡിൽ
text_fieldsതൃശൂർ: വിയ്യൂരിലെ ഇമ്മട്ടി ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഉടമയെ റിമാൻഡ് ചെയ്തു. ചേറൂർ ഇമ്മട്ടി വീട്ടിൽ ഐ.ടി. ബാബുവിനെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ലോൺ ശരിയാക്കി നൽകാമെന്ന് പരസ്യം ചെയ്തും മറ്റും വിശ്വസിപ്പിക്കുകയും ഇതിനായി നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങുകയുമായിരുന്നു.
നിരവധി പേരിൽനിന്നാണ് ഇത്തരത്തിൽ തുക കൈപ്പറ്റിയത്. തൃശൂരിലെ ഒരാശുപത്രിയിലെ ജീവനക്കാരിയിൽനിന്ന് ഇത്തരത്തിൽ അഞ്ചുലക്ഷം രൂപയും തൃത്താലയിലെ ഒരു സ്ത്രീയിൽനിന്ന് 15 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഒരുമാസത്തിലധികമായി നിരവധി തവണ സ്ഥാപനത്തിൽ ചെന്ന് തുക തിരികെ ചോദിച്ചെങ്കിലും തരാൻ തയാറായില്ല. പരാതിക്കാർ വന്നുതുടങ്ങിയപ്പോൾ ഇയാൾ സ്ഥാപനം പൂട്ടി മുങ്ങി.
ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെത്തുടർന്ന് ഇയാൾക്കെതിരെ പരാതിയുണ്ട്. ഒളിവിലായിരുന്ന പ്രതി സ്ഥാപനത്തിലെ രേഖകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന വിവരമറിഞ്ഞ് പൊലീസെത്തി പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഗ്രേഡ് എസ്.ഐമാരായ ജിനിൽകുമാർ, സുനിൽകുമാർ, സി.പി.ഒമാരായ അനീഷ്, ടോമി, ശ്രുതീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.