ഗുരുവായൂരിൽ ‘പാല്പുഞ്ചിരി’ മാഞ്ഞിട്ട് മൂന്നുവര്‍ഷം
text_fieldsഗുരുവായൂര്‍: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുരുന്നുകള്‍ക്ക് നഗരസഭയുടെ വക സൗജന്യ പ്രഭാതഭക്ഷണം നല്കുന്ന ‘പാല്പുഞ്ചിരി’ പദ്ധതി നിലച്ചിട്ട് മൂന്നുവര്‍ഷം.
കോവിഡ് കാലത്ത് നിലച്ച പദ്ധതി പിന്നീട് പുനരാരംഭിച്ചില്ല. സംസ്ഥാനത്ത് ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്കിയ നഗരസഭയായിരുന്നു ഗുരുവായൂര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ യു.പിതലം വരെയും എയിഡഡ് സ്കൂളുകളില്‍ എല്‍.പിതലം വരെയുമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നത്. 2017 ആഗസ്റ്റിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നാല് സര്‍ക്കാര്‍ സ്കൂളുകളിലും 11 എയിഡഡ് സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്.
എല്ലാ സ്കൂളിലും ഒരേ തരം ഭക്ഷണമാണ് വിളമ്പിയിരുന്നത്. അട, പത്തിരി, വട, പുഴുങ്ങിയ നേന്ത്രപ്പഴം, കൊഴുക്കട്ട എന്നിവയായിരുന്നു വിഭവങ്ങള്‍.
ഇതിനൊപ്പം ഒരു ഗ്ലാസ് പാലും നല്‍കിയിരുന്നു. ഭക്ഷണം തയാറാക്കി നല്കാന് കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. നാല് ലക്ഷം രൂപ നഗരസഭയുടെ പദ്ധതി വിഹിതമായിരുന്നു. മൂന്ന് ലക്ഷം രൂപ സ്പോണ്സറിങ്ങിലൂടെയാണ് കണ്ടെത്തിയത്.
ഗുരുവായൂരിന്റെ പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്നാണ് ഉദ്ഘാടകനായ കെ.വി. അബ്ദുൾഖാദര്‍ എം.എല്‍.എ പറഞ്ഞിരുന്നത്.
എം.എല്‍.എ പറഞ്ഞതുപോലെ സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളും ഗുരുവായൂരിനെ മാതൃകയാക്കിയെങ്കിലും പദ്ധതി ആരംഭിച്ചയിടത്ത് ‘പാല്പുഞ്ചിരി’ മാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.