സൗജന്യ ഭക്ഷണം, ചികിത്സ:കരുതല്പ്പൂരവുമായി ആക്ട്സ്
text_fieldsതൃശൂർ: സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയും വരെയുള്ള തൃശൂര്‍ പൂരം നാളുകളില്‍ സൗജന്യ ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യ ഭക്ഷണ-കുടിവെള്ള വിതരണവുമായി ആക്ട്സിന്റെ കരുതല്‍ പൂരം. തൃ
ശൂര് കോര്‍പറേഷനുമായി സഹകരിച്ചാണ് ആക്ട്സ് ബുധനാഴ്ച വൈകീട്ട് ഏഴ് മുതല്‍ 20നു ഉച്ചക്ക് 12 വരെ നാലുനാള്‍ നീളുന്ന സമ്പൂര്‍ണ സേവനമൊരുക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാറമേക്കാവ് ക്ഷേത്രത്തിനു സമീപം പഴയ ജില്ല ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്സ് തൃശൂര്‍ ബ്രാഞ്ച് ഓഫിസിന് മുന്‍വശത്ത് തൃശൂര്‍ പൂരദിവസം രാവിലെ 11ന് ആരംഭിക്കുന്ന ഭക്ഷണ വിതരണം പുലര്‍ച്ചെ വരെ നീളും. ഇവിടെ കുടിവെള്ളവും നല്‍കും. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കുന്നിടങ്ങളിലേക്ക് ആക്ട്സ് പ്രവര്‍ത്തകര്‍ കുപ്പിവെള്ളം എത്തിക്കും.
കുടമാറ്റത്തിനിടയില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് ഒ.ആർ.എസ് ലായനി വിതരണവും ഉണ്ടാകും. ചൂടില്‍ തളരുന്നവരെയും ശാരീരിക അസ്വാസ്ഥ്യത്താല്‍ കുഴഞ്ഞുവീഴുന്നവരെയും ആശുപത്രിയിലെത്തിക്കാന്‍ ആക്ട്സിന്റെ 12 അംഗം പ്രത്യേക സ്ട്രെച്ചര്‍ ടീം പ്രവര്‍ത്തിക്കും. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും നടക്കുന്നിടത്ത് ടീം സജ്ജരായിരിക്കും.
സൗജന്യ സന്നദ്ധ സേവനത്തിനു പുറമെ 20 വരെ അഞ്ചുനാള്‍ നീളുന്ന സൗജന്യ മെഡിക്കൽ കാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കും. ആക്ട്സും ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയും സംയുക്തമായാണ് പൂരത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ക്യാമ്പ് നടത്തുന്നത്.
ആക്ട്സ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് എം.കെ. വര്‍ഗീസ്, ടി.എ. അബൂബക്കര്‍, ജില്ല സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, ജില്ല ട്രഷറർ ജേക്കബ് ഡേവിസ്, തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനന് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോര്പറേഷന് പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം
തൃശൂര്‍: പൂരത്തോടനുബന്ധിച്ച് 19ന് പുലര്‍ച്ചെ രണ്ടുമുതല്‍ 20ന് ഉച്ചക്ക് രണ്ടുവരെ 36 മണിക്കൂര്‍ തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ അടച്ചിടുന്നതിനും ലഹരി വസ്തുക്കളുടെ വില്പന നിരോധിച്ചും കലക്ടര്‍ ഉത്തരവിട്ടു.
നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്പറേഷന് പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തത്.
തൃശൂർ പൂരം: 19ന് പ്രാദേശിക അവധി
തൃശൂർ: പൂരത്തോടനുബന്ധിച്ച് 19ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.