പൂരത്തിനുണ്ടാവില്ല, പൂരനഗരിയിലുണ്ടാവും ഗജറാണി തിരുവമ്പാടി ലക്ഷ്മിക്കുട്ടി
text_fieldsതൃശൂർ: മലയാളക്കരയിൽ അഴകും പേരും കേട്ട കൊമ്പന്മാരുടെ മത്സര വേദിയാണ്. പക്ഷേ, ഈ കൊമ്പന്മാർക്കിടയിൽ നെറ്റിപ്പട്ടവും ചമയങ്ങളുമൊന്നുമില്ലാതെ തൃശൂരിന്‍റെ ഗജറാണിയുമുണ്ടാകും. തൃശൂർക്കാരുടെ പൊന്നോമനയായ ലക്ഷ്മിക്കുട്ടിയാണ് പൂരത്തിൽ പങ്കെടുക്കാത്ത എന്നാൽ പൂരനഗരിയിലെ ഗജറാണി. പൂരം എഴുന്നള്ളിപ്പിൽ പങ്കെടുക്കാനാകില്ലെങ്കിലും പൂരത്തിൽ ഒരു പങ്കാളിത്തവുമില്ലെങ്കിലും പൂരനഗരിയിൽ വന്നണയുന്ന ആനക്കമ്പക്കാരുടെ മനസ്സിൽ കയറാൻ മിടുക്കിയാണ് ലക്ഷ്മിക്കുട്ടി.
തിരുവമ്പാടി ദേവസ്വത്തിന്‍റെ ആനയാണ് ലക്ഷ്മിക്കുട്ടി. പക്ഷേ, വിജയലക്ഷ്മി എന്നാണ് പേരെങ്കിലും അങ്ങനെ വിളിച്ചാൽ തിരിഞ്ഞുനോക്കില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ലക്ഷ്മിക്കുട്ടിയാണവൾ. തൃശൂർ പൂരത്തിന്‍റെ തലേന്ന് ആനകളെ പൂരക്കമ്പക്കാർക്ക് കാണാനായി തേക്കിൻകാട് മൈതാനിയിൽ അണിനിരത്തുമ്പോൾ ആ ഗജവീരന്മാർക്കിടയിൽ വർഷങ്ങളായി അവളും നിൽപുണ്ടാകും. 45 വയസ്സിലധികമായിട്ടുണ്ടെങ്കിലും കുട്ടികൾക്കും ആനക്കമ്പക്കാർക്കും അവളിപ്പോഴും കൊച്ചു ലക്ഷ്മിക്കുട്ടി തന്നെയാണ്.
പൂരം കൊമ്പന്മാരുടെയാണെങ്കിലും ആനകളെ കാണാനെത്തുന്നവർ ഏറെ ലാളിക്കുന്നതും കണ്ടുനിൽക്കുന്നതും ലക്ഷ്മിക്കുട്ടിയുടെ കുസൃതികൾ തന്നെ. 10 വർഷം മുമ്പ് വിശ്വം വാര്യർ എന്നയാളാണ് വിജയലക്ഷ്മിയെ തിരുവമ്പാടിയിൽ നടയിരുത്തുന്നത്. അതിനു മുമ്പ് കോഴിക്കോടായിരുന്നു അവളുടെ തട്ടകം. അവിടെ തടിപിടിക്കലും മറ്റുമായിരുന്നു. തിരുവമ്പാടിയിലെത്തിയതോടെ ലക്ഷ്മിക്കുട്ടിയുടെ ഡ്യൂട്ടികൾ കുറഞ്ഞു. ക്ഷേത്രത്തിലെ നിത്യശീവേലി മാത്രമായി പിന്നെ ചുമതല. ബാലഭവനിൽ വേനലവധിക്കാലത്ത് കുട്ടികൾക്കൊപ്പം സൗഹൃദം കൂടാനും ലക്ഷ്മിക്കുട്ടിയുണ്ടാവും. മൂന്നു നേരവും ശീവേലിക്ക് തിരുവമ്പാടിയിൽ ലക്ഷ്മിക്കുട്ടിയെയാണ് എഴുന്നള്ളിക്കുക. അതു കഴിഞ്ഞാൽ കൗസ്തുഭം ഓഡിറ്റോറിയത്തിനടുത്തുള്ള പറമ്പിലാണ് വിശ്രമം. പൂരക്കാലത്തും ലക്ഷ്മിക്കുട്ടിയുടെ ഡ്യൂട്ടി ഷെഡ്യൂളിൽ മാറ്റമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.