Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധി മൈതാനത്ത്...

ഗാന്ധി മൈതാനത്ത് ഇന്നും സമരാവേശത്തിന്‍റെ അലയൊലികൾ

text_fields
bookmark_border
ഗാന്ധി മൈതാനത്ത് ഇന്നും സമരാവേശത്തിന്‍റെ അലയൊലികൾ
cancel
camera_alt

ഗാ​ന്ധി മൈ​താ​നം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ ന​ട​യി​ലെ ക്ഷേ​ത്ര മൈ​താ​നം

കൊടുങ്ങല്ലൂർ: സമ്പുഷ്ഠമായ ചരിത്ര സവിശേഷതകളുടെയും പുകൾപെറ്റ സംസ്കൃതിയുടെയും മഹിത പാരമ്പര്യം പേറുന്ന കൊടുങ്ങല്ലൂർ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അതിന്‍റെ എല്ലാ വൈകാരികതയോടെയും ആവേശപൂർവം നെഞ്ചേറ്റിയ മണ്ണാണ്. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഈ നാട്ടിലെയും സ്വാതന്ത്ര്യദാഹികളെ കർമോത്സുകരാക്കി. ദേശീയ പ്രസ്ഥാനത്തിന്‍റെ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും ദേശസ്നേഹികൾ സധൈര്യം മുന്നോട്ടുവന്നു.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വിദേശവസ്ത്ര ബഹിഷ്കരണം, നികുതി നിഷേധം, കള്ളുഷാപ്പ് പിക്കറ്റിങ്, ക്വിറ്റ് ഇന്ത്യ സമരം തുടങ്ങിയ സമരാഹ്വാനങ്ങളിലെല്ലാം കൊടുങ്ങല്ലൂരിലെ പോരാളികളും പങ്കാളികളായി. ഗാന്ധിജിയുടെ നൂൽനൂൽപും അയിത്തോച്ചാടനവും ഹരിജന സേവയും ഏറ്റെടുത്ത് പ്രചരിപ്പിച്ചു. കർഷകർ അനുഭവിച്ചിരുന്ന യാതനകൾ ഉയർത്തി എറിയാട് നടന്ന കർഷക പ്രക്ഷോഭം കേരളത്തിലെ ആദ്യത്തെ കർഷകസമരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വാതന്ത്ര്യം സിരകളിൽ ആവാഹിച്ചവർ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിലയുറപ്പിച്ചതോടെ ഇതിൽ നിന്നെല്ലാം മാറിനിന്ന നാട്ടിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പും പീഡനങ്ങളും സമരഭടന്മാർ നേരിടേണ്ടിവന്നു. അന്നത്തെ പ്രമുഖ അഭിഭാഷകനായ നന്ത്യേലത്ത് പത്മനാഭ മേനോൻ, യു.പി. കരുണാകര മേനോൻ, ഗോപാലൻ മേനോൻ എന്നിവരുടെ നേതൃത്വത്തിൻ സമരഭടന്മാരുടെ സ്ഥിരം ക്യാമ്പ് തന്നെ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രവർത്തിച്ചു. ഗാന്ധിയൻ ചിട്ടയിലായിരുന്നു ക്യാമ്പ്. പ്രഭാതഭേരി, പതാക വന്ദനം എന്നിവയോടെയാണ് ഓരോ ദിവസവും കർമഭടന്മാർ രംഗത്തിറങ്ങുക. ദേശീയോദ്ഗ്രഥന ഗാനം ആലപിച്ച് ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയുള്ള പ്രകടനമാണ് പ്രഭാതഭേരി. തുടർന്ന് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്‍റെ തെക്കേ മൈതാനിയിൽ സംഗമിച്ചായിരിക്കും സേനാനികളുടെ പതാക വന്ദനം. ഇവിടം ഗാന്ധി മൈതാനം എന്നാണ് അറിയപ്പെട്ടിരുന്നത്. പതാക വന്ദനം കഴിഞ്ഞ് ഓരോ സംഘങ്ങളായി വിദേശ വസ്ത്ര വിൽപന കേന്ദ്രങ്ങളിലേക്കും കള്ളുഷാപ്പ് പിക്കറ്റിങ്ങിനും മറ്റു സമര കേന്ദ്രങ്ങളിലേക്കും നീങ്ങും. മദ്യപരെ അതിൽനിന്ന് പിന്മാറ്റാൻ കൊടുങ്ങല്ലൂർ നഗരത്തോട് ചേർന്ന കാവിൽ കടവിൽ കള്ളുഷാപ്പിനെതിരെ നിരന്തര പിക്കറ്റിങ് നടത്തിയത് സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. അന്ന് കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്നു കൊടുങ്ങല്ലൂർ, എറിയാട് തുടങ്ങിയ പ്രദേശങ്ങൾ. ബ്രിട്ടീഷുകാർ നേരിട്ട് ഭരിച്ചിരുന്ന മലബാറിന്‍റെ ഭാഗമായ ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടതിരുത്തി തുടങ്ങിയ പ്രദേശങ്ങളിലും സമാധാന പ്രക്ഷോഭമുറകൾ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി അരങ്ങേറി. സ്വാതന്ത്ര്യ സമര പോരാട്ടത്തിനായി ജീവിതം സമർപ്പിച്ചവർ ഏറെയാണ്. ഇവരിൽ ക്രൂരമർദനം ഏറ്റുവാങ്ങിയവരും ജയിൽവാസമനുഷ്ഠിച്ചവരുമുണ്ട്. പോരാളികളിൽ ഏറെ ധീരനായിരുന്ന വെമ്പല്ലൂരിലെ മുതിരിക്കൽ രാമൻകുട്ടി പണിക്കരുടെ രക്തസാക്ഷിത്വം ഇനിയും വേണ്ടത്ര ഉയർത്തിപ്പിടിക്കാൻ നാടിനായിട്ടില്ല.

നാടുവാഴി കുടുംബത്ത് സുഖലോലുപനായി കഴിയാമായിരുന്നിട്ടും സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് ഇറങ്ങിത്തിരിച്ച ആ യുവാവിനെ സേലം ജയിലിലിട്ട് ക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു. മൃതശരീരം പോലും ബ്രിട്ടീഷുകാർ ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗർജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കൊടുങ്ങല്ലൂരിലെ സമരരംഗത്തെ വലിയ പ്രചോദനമാണ്. എറിയാട് പഞ്ചായത്തിൽ ജനിച്ച ആ വീരപുത്രന്‍റെ മുഖ്യപ്രവർത്തന മണ്ഡലം മലബാറായിരുന്നുവെങ്കിലും ജന്മനാട്ടിലെ കർമഭടന്മാരും ആ പോരാട്ടവീര്യം ഏറ്റുവാങ്ങി. ജന്മനാട്ടിലേക്കുള്ള ആ വീരപുത്രന്‍റെ ഓരോ കടന്നുവരവും സ്വാതന്ത്ര്യ ദാഹികളുടെ മനസ്സുകളിൽ ആവേശം നിറച്ചു. രോഗശയ്യയിൽ കിടക്കുന്ന ഉമ്മയെ കാണാൻ ജയിലിലിൽനിന്ന് വിലങ്ങിൽ ബന്ധിതനായി പൊലീസ് അകമ്പടിയോടെ കൊടുങ്ങല്ലൂർ കാവിൽ വന്നിറങ്ങിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ കണ്ട സ്വാതന്ത്ര്യ സമര സേനാനിയും കവിയും ചലച്ചിത്രകാരനുമായ പി. ഭാസ്കരൻ ആ രംഗം സ്വാതന്ത്ര്യ സമര കവിതയായി അവതരിപ്പിക്കുകയുണ്ടായി. കൊടുങ്ങല്ലൂരിലെ സമര പോരാട്ടങ്ങൾക്ക് ശക്തി പകർന്നിരുന്ന നന്ത്യേലത്ത് പത്മനാഭ മേനോന്‍റെ മകനാണ് പി. ഭാസ്കരൻ. ഇ. ഗോപാലകൃഷ്ണ മേനോൻ, കോങ്ങാട്ട് രാമൻ മേനോൻ, കോവിലകത്തെ മിടുക്കൻ രാജ, ശങ്കരൻകുട്ടി, മേത്തലയിലെ സി.എ. അബ്ദുൽ ഖാദർ, ആനാപ്പുഴയിലെ കെ. പരമേശ്വരൻ, എറിയാട്ടെ പി.പി. കുമാരൻ, പനങ്ങാട്ടെ അച്യുത കുറുപ്പ്, പി. കേശവൻ നായർ, പി.എസ്. ശങ്കരനാരായണൻ, പി.കെ. രാമൻ, ശ്രീനാരായണപുരത്തെ സേലം കൃഷ്ണൻ, പി. വെമ്പല്ലൂരിലെ മുതിരക്കൽ പങ്കജാക്ഷൻ പണിക്കർ, എം. ഗോപാലകൃഷ്ണൻ പണിക്കർ, ശ്രീധരൻ പണിക്കർ, മതിലകത്തെ അബ്ദുൽ ഖാദർ മാസ്റ്റർ, പെരിഞ്ഞനത്തെ മുല്ലശ്ശേരി കുമാരൻ, കയ്പമംഗലം സ്വഭേശി കുട്ടികൃഷ്ണൻ നായർ, എടതിരുത്തിയിലെ താടിക്കാരൻ പൊറിഞ്ചു, കെ.എസ്. നായർ, പൊനറ്റ തുടങ്ങിയവർ ഉൾപ്പെടെ ഏറിയും കുറഞ്ഞും രാജ്യത്തിന്‍റെ സ്വതന്ത്ര്യത്തിനായി നിലകൊണ്ട കൊടുങ്ങല്ലൂർ താലൂക്കുകാർ ഇനിയുമുണ്ട്. നവോത്ഥാന മുന്നേറ്റം കൂടി ഉൾച്ചേർന്ന സാമൂഹിക മാറ്റത്തിന്‍റെ പോരാട്ട പാതയിൽ അണിനിരന്ന മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ.എം. ഇബ്രാഹിം സാഹിബ്, കുഞ്ഞികുട്ടി തമ്പുരാട്ടി, ടി.എൻ. കുമാരൻ തുടങ്ങിയവരുടെ സമരപോരാട്ടവും കൊടുങ്ങല്ലൂരുകാർ എന്നും ഓർമിക്കപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom struggleThrissur Newsgandhi maidhanam
News Summary - gandhi stadium thrissur
Next Story