പെട്രോൾ പമ്പിൽനിന്ന് പണം തട്ടിയ സംഘം പിടിയിൽ
text_fieldsആമ്പല്ലൂര്‍: പെട്രോള്‍ പമ്പില്‍നിന്ന് പണം തട്ടിയെടുത്ത നാലംഗ സംഘത്തെ ചാലക്കുടി ഹൈവേ പൊലീസ് പിടികൂടി. കൊടകരയില്‍നിന്ന് പൊലീസിനെ വെട്ടിച്ച് കടന്ന പ്രതികളെ പുതുക്കാട് സെൻററില്‍ വെച്ചാണ് പിടികൂടിയത്.
മഹാരാഷ്ട്ര നാസിക് സ്വദേശികളായ സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. അതേസമയം, നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന് പമ്പുടമ സമ്മതിച്ചതോടെ കേസെടുക്കാതെ പ്രതികളെ വിട്ടയച്ചു.
മലപ്പുറം കോട്ടക്കലിലെ പെട്രോള്‍ പമ്പ് ഉടമയാണ് പരാതിക്കാരന്. പമ്പില്‍ കാറുമായി എത്തിയ സംഘം 500 രൂപക്ക് പെട്രോള്‍ നിറച്ച ശേഷം 5500 രൂപ സ്വെയ്പ് ചെയ്യുകയായിരുന്നു.
പിന്‍നമ്പര്‍ അമര്‍ത്താന്‍ സ്വെയ്പിങ് മെഷീന് വാങ്ങിയ ഇവർ മെഷീനിലെ വോയ്ഡ് ഫെയില്‍ സംവിധാനത്തിലൂടെ രസീതി പ്രിൻറ് ചെയ്തെടുത്ത് നല്കിയ ശേഷം 5000 രൂപ വാങ്ങി കാറുമായി രക്ഷപ്പെട്ടു. ട്രാന്സാക്ഷന് നടത്താതെ കബളിപ്പിക്കപ്പെട്ട കാര്യം പമ്പ് ജീവനക്കാര്‍ ആദ്യം അറിഞ്ഞില്ല.
രസീതി പരിശോധിച്ച പമ്പുടമ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്കി. ദൃശ്യങ്ങള്‍ പമ്പുടമകളുടെ വാട്സ്ആപ് ഗ്രൂപ് വഴി കൈമാറുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് തൃശൂര്‍ ജില്ലയില്‍ ഇവരുടെ കാര്‍ ശ്രദ്ധയില്‍പെട്ട ഒരു പമ്പുടമ പൊലീസിൽ വിവരം നല്കി. വാഹനം ചാലക്കുടി ഹൈവേ പൊലീസിെൻറ പരിധിയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കൊടകരയില്‍വെച്ച് കാര്‍ തടഞ്ഞു.
പൊലീസിനെ വെട്ടിച്ചു കടന്ന സംഘത്തെ പുതുക്കാട് സിഗ്നല്‍ ജങ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയതിനാൽ പമ്പുടമ പരാതി പിന്‍വലിച്ചതോടെ പ്രശ്നം ഒത്തുതീരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.