ചാവക്കാട് ബീച്ചിലെ മാലിന്യം; ‘മാധ്യമം’ വാർത്ത നഗരസഭ കൗൺസിലിൽ ചർച്ചയായി
text_fieldsചാവക്കാട്: മത്സ്യ മാർക്കറ്റിൽനിന്നുള്ള മാലിന്യം വിനോദ സഞ്ചാര കേന്ദ്രമായ ചാവക്കാട് ബീച്ചിലേക്ക് പരന്നൊഴുകി ദുർഗന്ധം വമിക്കുന്നത് സംബന്ധിച്ച ‘മാധ്യമം’ വാർത്ത നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചയായി. മത്സ്യ മാർക്കറ്റിൽനിന്നുള്ള മാലിന്യം ചാവക്കാട് ബീച്ചിലേക്ക് പരന്നൊഴുകി ദുർഗന്ധം ഉയർത്തുന്നുവെന്നും നാട്ടുകാർക്കും സഞ്ചാരികൾക്കും നടക്കാനാവാത്ത വിധം ദുരിതമുണ്ടാക്കുന്നുവെന്നും കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
വാർഡ് കൗൺസിലറും കോൺഗ്രസ് പ്രതിനിധിയുമായ പി.കെ. കബീറാണ് ഈ വിഷയം ഉയർത്തി സംസാരിച്ചത്. മത്സ്യ മാർക്കറ്റിലെ മാലിന്യം ഒഴുക്കാൻ തെക്കു ഭാഗത്തെ റോഡിന് സമീപത്തുകൂടി പടിഞ്ഞാറ് ഭാഗത്തേക്ക് കാന നിർമിക്കണമെന്ന് കബീർ ആവശ്യപ്പെട്ടു.
ബീച്ചിലെ മത്സ്യ മാർക്കറ്റിൽനിന്നുള്ള മാലിന്യം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശുദ്ധീകരിച്ച ശേഷം കടലിലേക്ക് ഒഴുക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഭരണപക്ഷാംഗമായ രാധാകൃഷ്ണൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ബീച്ചിൽ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ ഷീജ പ്രശാന്ത് മറുപടി പറഞ്ഞു. മത്സ്യ മാർക്കറ്റിൽ വരുന്ന വാഹനങ്ങളിൽനിന്നുള്ള തെർമോകോളും പ്ലാസ്റ്റിക് കവറുകളും വീണടഞ്ഞാണ് മാലിന്യം പുറത്തേക്കൊഴുകുന്നത്. നിലവിൽ മൂന്ന് സംഭരണികൾ മാർക്കറ്റിൽതന്നെയുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു.
ശനിയാഴ്ച മത്സ്യ മാർക്കറ്റിൽനിന്ന് സംഭരണികളിലേക്കൊഴുകുന്ന ചാലിൽ അടഞ്ഞുകൂടിയ പ്ലാസ്റ്റിക് കവറുകളും തെർമോകോളും നീക്കി ശുചീകരണം നടത്തുമെന്നും ഇതിനായി മത്സ്യ മാർക്കറ്റിലെ കരാറുകാർക്ക് നിർദേശം നൽകിയതായും ചെയർപേഴ്സൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
യോഗത്തിൽ ഒമ്പത് അജണ്ടകൾ അംഗീകരിച്ചു. സ്ഥലം മാറി പോകുന്ന സെക്രട്ടറി കെ.ബി. വിശ്വനാഥൻ ഉൾപ്പെടെ 17 ജീവനക്കാരെ ഉപഹാരം നൽകി ആദരിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.