മാലിന്യം തള്ളാൻ കോർപറേഷൻ വക റോഡ്
text_fieldsതൃശൂർ: ഒറ്റനോട്ടത്തിൽ മാലിന്യവാഹിനിയായ പുഴയാണെന്നേ തോന്നൂവെങ്കിലും ഇത് തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു റോഡാണ്. വെളിയന്നൂർ റോഡിൽനിന്ന് രാമൻചിറ മഠം ലൈനിലേക്കും അവിടെനിന്ന് ശക്തനിലേക്കും പോസ്റ്റ് ഓഫിസ് റോഡിലേക്കും എത്താവുന്ന ലിങ്ക് റോഡിന്റെ സ്ഥിതിയാണിത്. വെളിയന്നൂർ റോഡിൽ തിരക്കുള്ള സമയങ്ങളിൽ വൺവേയായി ഉപയോഗിക്കാവുന്ന സമാന്തരപാത പതിറ്റാണ്ടുകളായി അവഗണനയിലാണ്. ഈ റോഡിന്റെ കുറച്ചുഭാഗം ടാറിങ് നടത്തിയിട്ടുണ്ട്. നേരത്തേ ഇരുചക്രവാഹനങ്ങൾ ഇതുവഴി പോയിരുന്നു. ഇരുഭാഗത്തും മാലിന്യം കൂമ്പാരമായപ്പോൾ ഗതാഗതം പൂർണമായി നിലച്ചു. കോർപറേഷനിൽനിന്ന് ശുചീകരണ തൊഴിലാളികൾ ഇതുവഴി എത്താറുണ്ടെങ്കിലും കുമിഞ്ഞുകൂടിയ മാലിന്യം എങ്ങനെ ഒഴിവാക്കുമെന്ന് അവർക്കും വ്യക്തതയില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും പുറത്തുനിന്നും മാലിന്യം കൊണ്ടുവന്ന് തള്ളുന്നുണ്ട്.
ഇത് പകൽ പോലും കത്തിക്കുന്നത് രൂക്ഷമായ മലിനീകരണമാണ് ഉണ്ടാക്കുന്നത്. 200 മീറ്റർ റോഡിന്റെ ഇരുഭാഗത്തും പാക്കിങ്ങുണ്ട്. നേരം ഇരുട്ടിയാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. പട്രോളിങ്ങിന് പൊലീസ് പോലും ഇവിടേക്ക് എത്താറില്ല. വഴിവിളക്കുകൾ ഉണ്ടെങ്കിലും പ്രകാശിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് സമാനമായി മാലിന്യം കുമിഞ്ഞ് കൂടിയത് പത്രവാർത്തയായപ്പോൾ കോർപറേഷൻ ഇടപെട്ട് മാലിന്യം നീക്കിയിരുന്നു. എന്നാൽ, ഈ റോഡ് ഉപയോഗപ്പെടുത്താൻ പദ്ധതികളൊന്നും ഉണ്ടായില്ല. ഇതോടെ മാലിന്യം വീണ്ടും കുമിഞ്ഞു. മഴയത്ത് വെള്ളക്കെട്ടും എലിശല്യവും കൊതുകുശല്യവും രൂക്ഷമാണ്. മാലിന്യം നീക്കി ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിൽ മാത്രമെ ശാശ്വത പരിഹാരമുണ്ടാകൂ. റോഡ് ടാറിട്ട് ഗതാഗതത്തിന് ഉപയോഗിക്കാനുള്ള പദ്ധതികൾ കോർപറേഷൻ കൈക്കൊള്ളണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.