മാലിന്യമുക്തം നവകേരളം: ജില്ലയില്‍ 110 മാതൃക പദ്ധതികള്‍
text_fieldsതൃശൂർ: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന് ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ 110 മാതൃകാ പദ്ധതികള്‍ക്ക് തുടക്കമിടും. കാമ്പയിനിന്റെ നിര്‍വഹണസമിതി രൂപവത്കരണ യോഗം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തല നിര്‍വഹണ സമിതി യോഗങ്ങള്‍ 1452 ഇടങ്ങളിലും പൂര്‍ത്തിയായി. ജനകീയ യജ്ഞത്തിന്റെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ. രാജന് രണ്ടിന് രാവിലെ 10.30ന് നെന്മണിക്കര പഞ്ചായത്തില്‍ നിര്‍വഹിക്കും. പീച്ചി ഡാം, അഴീക്കോട്-മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് എന്നിവയുടെ ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനം, ജില്ലയിലെ ഹരിത വിദ്യാലയം ഒന്നാം ഘട്ട പ്രഖ്യാപനം തുടങ്ങിയവ നടക്കും.
ജില്ലയിലെ വിവിധ ഇടങ്ങളിൽ അന്ന് ജനകീയ കാമ്പയിനിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും. തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇന്‍സിനറേറ്റര്‍ ഉദ്ഘാടനം, പാണഞ്ചേരി ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തന ഉദ്ഘാടനം, പുത്തൂര്‍ ഗ്രാമപഞ്ചായത്തിൽ ദേശീയപാത പരിസരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജൈവവേലി സ്ഥാപിക്കല്‍, ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ റിസോഴ്്സ് റിക്കവറി സെന്റർ പ്രവര്‍ത്തന ഉദ്ഘാടനം, വാടാനപ്പള്ളി ടൗണ്‍, വരടിയം സെന്റര്‍ എന്നിവയുടെ സൗന്ദര്യവത്കരണം, വടക്കാഞ്ചേരി നഗരസഭയില്‍ എയ്റോബിക് കമ്പോസ്റ്റ് ഉദ്ഘാടനം, കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഡയപ്പര്‍ ഡിസ്ട്രോയര്‍ മെഷീനുകളുടെ സ്ഥാപനം, തൃക്കൂര് പഞ്ചായത്തിൽ ദേശീയപാതയോരത്ത് ജൈവവേലി സ്ഥാപിക്കല്‍, നടത്തറ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും ഹരിത സമിതി വാര്‍ഡായി പ്രഖ്യാപിക്കൽ, അടാട്ട്, മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും.
തളിക്കുളം പഞ്ചായത്തിലെ സ്നേഹതീരം ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തും. നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ സേനക്ക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണവും മാടക്കത്തറ ഗ്രാമപഞ്ചായത്ത് അഞ്ചേക്കര്‍ തരിശുഭൂമി നെല്‍കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ബുധനാഴ്ച നടത്തും. ജില്ലയിലെ പ്രധാന ടൗണുകളിലും കവലകളിലും തോടുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. വിവിധ വിദ്യാലയങ്ങളില്‍ ശുചീകരണ റാലികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായി രൂപവത്കരിച്ച കാമ്പയിന് ജില്ലതല നിര്‍വഹണ സമിതി ജില്ലയിലെ ആറുമാസത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.