മാലിന്യ പ്രശ്നം: ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം
text_fieldsഇരിങ്ങാലക്കുട: മാലിന്യ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചക്കിടയിൽ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെച്ചൊല്ലി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. പൊറത്തുച്ചിറയിലെ മാലിന്യപ്രശ്നക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട എൽ.ഡി.എഫ് കൗൺസിലർ സി.സി. ഷിബിനോട് ഫയൽ നോക്കിയിട്ട് പറയാമെന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ നൽകിയ മറുപടിയാണ് പ്രതിപക്ഷത്തിന്റെ എതിർപ്പിന് കാരണമായത്.
ഉദ്യോഗസ്ഥർ പ്രമാണി ചമയുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങളായ അഡ്വ. കെ.ആർ. വിജയനും സി.സി. ഷിബിനും പറഞ്ഞു. എന്നാൽ, മാലിന്യ പ്രശ്നം അജണ്ടയിൽ ഇല്ലാത്തതാണെന്നും ആരോഗ്യവിഭാഗം സൂപ്പർവൈസറുടെ അഭാവത്തിൽ എത്തിയ ഉദ്യോഗസ്ഥന് വിഷയം അറിയണമെന്നില്ലെന്നും ജീവനക്കാരെ പേടിപ്പിക്കരുതെന്നും യു.ഡി.എഫ് അംഗങ്ങളായ എം.ആർ. ഷാജു, ബിജു പോൾ അക്കരക്കാരൻ എന്നിവർ പറഞ്ഞു.
പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ട് കാര്യമുണ്ടാകാറില്ലെന്ന് സതി സുബ്രഹണ്യൻ പറഞ്ഞു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടുണ്ടെന്നും നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് അറിയിച്ചു.
മാസങ്ങൾക്കുമുമ്പ് ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജിന്റെ ബൈലോക്ക് കൗൺസിൽ അംഗീകാരം നൽകി. ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാത്തത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിമർശിച്ചു. പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തരുതെന്ന് നേരത്തേ ആവശ്യപ്പെട്ടതാണെന്ന് ബി.ജെ.പി അംഗം സന്തോഷ് ബോബനും പറഞ്ഞു.
ഷീ ലോഡ്ജ് കെട്ടിടത്തിന് നമ്പർ ഇട്ടെന്നും വാട്ടർ അതോറിറ്റി കണക്ഷനും ഫയർ ആൻഡ് സേഫ്റ്റി അനുമതിയും മാത്രമേ ബാക്കിയുള്ളൂവെന്നും ലേല നടപടി ഫെബ്രുവരിയിൽ സ്വീകരിക്കുമെന്നും ചെയർപേഴ്സൻ വിശദീകരിച്ചു. നഗരസഭയുടെ ആറാം വാർഡിലുള്ള പൈക്കാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഗുണഭോക്തൃ സമിതിക്ക് യോഗം അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.