മാലിന്യം തള്ളുന്നവർ ജാഗ്രതൈ
text_fieldsതൃശൂർ: പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ ശക്തമായ നടപടി തുടങ്ങി. ഹൈകോടതി നിർദേശത്തെ തുടർന്ന് തദ്ദേശ സ്ഥാപന തലത്തിൽ കർശന നടപടിക്കാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധനകൾ കർശനമാക്കി.
ജില്ല തലത്തിൽ തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ചെയർമാനായും ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ ജില്ല നോഡൽ ഓഫിസറായും ജില്ല എൻഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റ് രൂപവത്കരിച്ചുകഴിഞ്ഞു. ഇതിനകംതന്നെ ജില്ലയിൽ 268 പരിശോധനകൾ നടന്നു. 162 ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
നോട്ടീസ് നൽകിയ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പുവരെ 6.7 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കാൻ നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. 132 തദ്ദേശ സ്ഥാപനങ്ങളിലായി 1.6 ലക്ഷം രൂപ പിഴത്തുകയായി എത്തുകയും ചെയ്തു. 20 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്.
കെട്ടിട അവശിഷ്ടങ്ങൾ പാതയോരങ്ങളിൽ തള്ളിയ 24 പേരിൽനിന്ന് പിഴ ഈഴാക്കി. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്ത മൂന്ന് ഫ്ലാറ്റ് സമുച്ചയക്കാർക്ക് നോട്ടീസ് നൽകി. ഇവരിൽനിന്ന് 30,000 രൂപ വീതം ഈടാക്കി. തട്ടുകടകൾ, ഇളനീർ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് മാലിന്യം തെരുവുകളിൽ തള്ളിയതിന് 36 പേർക്ക് പിഴ ചുമത്തി. വിവിധ സർക്കാർ ഓഫിസുകൾക്ക് ശുചിത്വം പാലിക്കാത്തതിനും നോട്ടീസ് നൽകി.
എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലകൾ
ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമ -ചട്ട ലംഘനങ്ങൾ കണ്ടെത്തൽ, പരിശോധന, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കൽ, അവ നശിപ്പിക്കാനും കണ്ടുകെട്ടാനും നടപടിയെടുക്കൽ, സ്പോട്ട് ഫൈൻ ഈടാക്കാനുള്ള നടപടി, കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ പൊലീസിന്റെ സഹായത്തിൽ പിടിച്ചെടുക്കൽ.
പരിശോധന നടത്തി ലൈസൻസ് റദ്ദാക്കാനുള്ള നിർദേശം ബന്ധപ്പെട്ട അധികാരസ്ഥാപനത്തിന് കൈമാറൽ, മാലിന്യം കത്തിക്കുന്ന ഇടം കണ്ടെത്തി അവ നിർമാർജനം ചെയ്യാൻ നിയമനടപടി സ്വീകരിക്കൽ, തെരുവ് കച്ചവടക്കാർ മാലിന്യം ഒഴുക്കുന്നത് പരിശോധിക്കൽ, അറവ് മാലിന്യം തള്ളുന്നതിനെതിരെ നടപടി, പരിശോധന നടത്തൽ, പൊതു- സ്വകാര്യ ചടങ്ങുകളിൽ ഹരിത ചട്ടം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കൽ.
മാലിന്യം തള്ളുന്നവർ ജാഗ്രതൈ
നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം എൻഫോഴ്സ്മെന്റ് സ്ക്വാഡിനുണ്ട്. പ്രതിമാസം 20 ദിവസം സ്ക്വാഡ് പരിശോധന നടത്തണം. പരിശോധന സംബന്ധിച്ച വിവരം നോഡൽ ഓഫിസറെ അറിയിക്കണം. എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരാതികൾ പ്രകാരമോ സ്വമേധയോ നടത്തുന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന ലംഘനങ്ങൾ തദ്ദേശ സ്ഥാപനത്തിന് സമർപ്പിക്കണം.
നടപടി എടുക്കുന്നെന്ന് ഉറപ്പുവരുത്തണം. എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉപയോഗിക്കുന്ന വാഹനത്തിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനം വേണം.
മാലിന്യക്കൂനയുണ്ടോ; ഓൺലൈനിൽ പരാതിപ്പെടാം
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. https://warroom.lsgkerala.gov.in/garbage ലിങ്കിൽ കയറി പൊതുജനത്തിന് ഫോട്ടോ അപ് ലോഡ് ചെയ്യാം. ലിങ്കിൽ കയറി ജില്ലയും തദ്ദേശസ്ഥാപനവും തെരഞ്ഞെടുത്ത് സ്ഥലത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളം ഉണ്ടാകും. വെള്ളത്തിലാണോ കരയിലാണോ റോഡിലാണോ മാലിന്യം തള്ളിയതെന്ന് രേഖപ്പെടുത്തണം. എത്ര കാലമായി മാലിന്യം തള്ളുന്നുവെന്നതും രേഖപ്പെടുത്താം. തുടർന്ന് സേവ് ചെയ്ത് പരാതി അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.