മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു; 15000 രൂപ പിഴ
text_fieldsചെന്ത്രാപ്പിന്നി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ചും 15,000 രൂപ പിഴ അടപ്പിച്ചും പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ പ്രയാസമേറിയ ഇക്കാലത്ത് അധികൃതർക്ക് തുണയായത് മാലിന്യ കൂമ്പാരത്തിൽനിന്ന് കിട്ടിയ വ്യക്തിയുടെ ഇ-മെയിൽ ഐ.ഡിയും ഫോൺ നമ്പറും.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡ് കുഴിക്കക്കടവ് പ്രദേശത്ത് കനോലി കനാലിന് സമീപം തൃശൂരിലെ ഫ്ലാറ്റ് ഉടമയും പ്രവാസിയുമായ സ്വകാര്യ വ്യക്തിയുടെ നിർദേശപ്രകാരം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്.
മാലിന്യ കൂമ്പാരം കണ്ട നാട്ടുകാർ ഇക്കാര്യം എടത്തിരുത്തി പഞ്ചായത്ത് അധികൃതരെയും ചാമക്കാല കുടുംബാരോഗ്യ കേന്ദത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാനഡയിൽ താമസമാക്കിയ തൃശൂർ സ്വദേശിയുടെ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചു.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്റെ ആരോഗ്യ പ്രശ്നങ്ങളെയും അതിനെതിരെ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചുമെല്ലാം വിശദമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഫോണിലൂടെയും ഇ-മെയിലൂടെയും പ്രവാസിയെ അറിയിച്ചു. ചെയ്തത് കുറ്റകരമാണെന്ന് ബോധ്യപ്പെട്ടതോടെ ഇദ്ദേഹം മാപ്പപേക്ഷ നൽകുകയും 15,000 രൂപ പിഴ പഞ്ചായത്തിൽ അടക്കുകയുമായിരുന്നു. മാത്രമല്ല മാലിന്യം നിക്ഷേപിച്ചവരെ കൊണ്ടുതന്നെ പ്രദേശത്തുനിന്നും അവ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
വാർഡ് മെംബർ പി.എച്ച്. ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്. അനീഷ്, എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി തുടങ്ങിയവർ നേതൃത്വം നൽകി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്ന വ്യക്തികൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെകട്ടറി ടി. ബിനോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.