പഴുവിലിലേക്ക് പോരൂ; അനാസ്ഥ നേരിട്ട് കാണാം
text_fieldsചാഴൂർ: അധികൃതരുടെ അനാസ്ഥ നേരിട്ട് കാണണമെങ്കിൽ ചാഴൂർ പഞ്ചായത്തിലെ പഴുവിലിൽ പണി കഴിഞ്ഞ ശേഷം കാടുകയറി നശിക്കുന്ന പട്ടികജാതി തൊഴിൽ പരിശീലന കേന്ദ്രം കണ്ടാൽ മതി. 16 ലക്ഷം രൂപ ചെലവിൽ ജില്ല പഞ്ചായത്ത് നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് 12 വർഷം കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥ മൂലം തുറന്നുപ്രവർത്തിച്ചില്ല. കെട്ടിടം ഉപയോഗ്യമല്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് എ.ഇയുടെ റിപ്പോർട്ട്. പാടത്തിനോട് ചേർന്ന് പണിത കെട്ടിടം ഇരുന്നുപോയി എന്നാണ് പറയുന്നത്.
ബലക്ഷയമുള്ള കെട്ടിടം ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെങ്കിലും 16 ലക്ഷം കെട്ടിടത്തിനും ശുചിമുറികളുടെ നിർമാണത്തിന് ചെലവായി. 57,000 രൂപ വൈദ്യുതീകരണത്തിനും, 50,000 രൂപ ഫർണിച്ചറിനും, രണ്ട് ലക്ഷം കമ്പ്യൂട്ടറുകൾ വാങ്ങാനും ചെലവാക്കിയ ശേഷമാണ് കെട്ടിടം ഉപയോഗ്യമല്ലെന്ന കണ്ടെത്തൽ. കെട്ടിടം ഇപ്പോൾ കാടുകയറി ഇഴജന്തുക്കളുടെ താവളമായി. ഫർണിച്ചറുകൾ അതിനകത്ത് തന്നെ കിടന്ന് ചിതലെടുത്തു. കമ്പ്യൂട്ടറുകൾ പഞ്ചായത്ത് ഓഫിസിൽ കിടന്ന് നശിച്ചുപോയി. 16 ലക്ഷം രൂപ കടലിൽ കായം കലക്കിയ അവസ്ഥയായി. കേന്ദ്രം പ്രവർത്തനം നടത്തിയാൽ നിരവധി പട്ടികജാതി യുവാക്കൾക്ക് തൊഴിൽ നേടാനും കഴിയും.
സർക്കാർ പണം എങ്ങിനെ നശിപ്പിക്കാം എന്നതിനും അധികൃതരുടെ അനാസ്ഥയുടെയും സ്മാരകമാണ് കെട്ടിടമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ. ഇബ്രാഹിം ആരോപിക്കുന്നു. നിലവിൽ തൊഴിൽ പരിശീലന കേന്ദ്രം ഇല്ലാത്ത അവസ്ഥയാണ് പഞ്ചായത്തിന്. ബന്ധപ്പെട്ടവർ ഇടപ്പെട്ട് സർക്കാർ പണം ധൂർത്തടിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് പി.കെ. ഇബ്രാഹിം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.