സ്വർണ കിരീട സമർപ്പണവും വീഴ്ചയും ചർച്ചയാക്കി ഇടത്-കോൺഗ്രസ് ഇടങ്ങൾ
text_fieldsതൃശൂർ: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചതും കിരീടം ധരിപ്പിക്കുന്നതിനിടയിൽ താഴെ വീണതിലും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച. കിരീടം ധരിപ്പിച്ചതിന് പിന്നാലെ വീണതിന്റെ ചാനലുകളിലെ തൽസമയ ദൃശ്യങ്ങൾ വന്നയുടൻ ഇടത് സൈബർ കേന്ദ്രങ്ങൾ പരിഹാസം തുടങ്ങിയിരുന്നു. അയ്യപ്പൻ മാത്രമല്ല മാതാവും ഉണ്ടെന്നായിരുന്നു വിമർശനവും പരിഹാസവും.
കോൺഗ്രസ് സൈബർ ടീമുകളും കിരീടം താഴെ വീഴുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്തുവെങ്കിലും കാര്യമായ വിമർശനം ഉയർത്തിയിരുന്നില്ല. ചൊവ്വാഴ്ച ടി.എൻ. പ്രതാപൻ എം.പി തന്നെ രൂക്ഷ വിമർശനമുയർത്തി. മണിപ്പൂരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ലെന്നും മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും പ്രതാപൻ കുറ്റപ്പെടുത്തി. ‘മണിപ്പൂരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല.
മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ വിഷയം പാർലമെന്റിൽ അവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബി.ജെ.പി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമുണ്ടെന്നും പ്രതാപൻ പരിഹസിച്ചു. ബി.ജെ.പിക്ക് മനഃപരിവർത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹ മാധ്യമത്തിൽ വിമർശനവും പരിഹാസവും നിറയുമ്പോഴും ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് ആരും പ്രതികരണവുമായി എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.