പൊന്ന് തോൽക്കും; ഈ നന്മക്ക് മുന്നിൽ
text_fieldsപഴുവിൽ: പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ ലഭിച്ച ഒന്നരപ്പവൻ തൂക്കമുള്ള സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് ഹരിത കർമസേനാംഗങ്ങൾ.
ചാഴൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ഹരിത കർമസേനാംഗങ്ങളായ ഹാജറക്കും ലിറ്റിക്കുമാണ് മാല ലഭിച്ചത്. ഉടമയായ വൈക്കോച്ചിറ സേവൻകുഴി വീട്ടിൽ മുഹമ്മദാലിക്ക് ശനിയാഴ്ച വൈകീട്ട് ചേർപ്പ് പൊലീസ് സ്റ്റേഷനിൽവെച്ച് ഹാജറയും ലിറ്റിയും മാല കൈമാറി.
രണ്ടുമാസം മുമ്പാണ് മുഹമ്മദാലിയുടെ മരുമകളുടെ മാല നഷ്ടപെട്ടത്. കടലാസിൽ പൊതിഞ്ഞുവെച്ചിരുന്ന മാല മറ്റു പ്ലാസ്റ്റിക് കവറുകൾക്കിടയിൽ വീഴുകയും ഹരിത കർമസേനക്ക് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂട്ടി വെക്കുന്ന സ്ഥലത്തേക്ക് അറിയാതെ മാറ്റുകയുമായിരുന്നു. ഹാജറയും ലിറ്റിയും പതിവുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുപോവുകയും ചെയ്തു.
വാർഡിലെ കരുപ്പാടത്തെ ഒഴിഞ്ഞ കെട്ടിടമുറിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളക്ക് നൽകുന്നതിന് കഴിഞ്ഞദിവസം തരംതിരിക്കുന്നതിനിടയിലാണ് സ്വർണമാല ലഭിച്ചത്. ഉടൻ വാർഡ് മെംബർ രമ്യ ഗോപിനാഥിനെ അറിയിച്ചു. രമ്യ വാർഡിലെ വാട്സ്ആപ് ഗ്രൂപ്പിൽ വിവരം അറിയിക്കുകയും ഹാജറക്കും ലിറ്റിക്കുമൊപ്പം ചേർപ്പ് പൊലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിക്കുകയും ചെയ്തു.
ഗ്രൂപ്പിൽ അറിയിപ്പുകണ്ട മുഹമ്മദാലിയും കുടുംബവും ഇവർക്ക് തെളിവുകൾ കൈമാറി. ഇന്നലെ വൈകീട്ട് പൊലീസ് സ്റ്റേഷനിൽ മധുരവിതരണം ചെയ്താണ് മുഹമ്മദാലി മാല ഏറ്റുവാങ്ങിയത്.
ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, വൈസ് പ്രസിഡന്റ് പി.കെ. ഓമന, പഞ്ചായത്ത് അംഗം രമ്യ ഗോപിനാഥ്, സി.ഡി.എസ് ചെയർപേഴ്സൻ സുധാദേവി, ഹരിതകർമസേന സെക്രട്ടറി അജിത, ശുചിത്വമിഷൻ ചെയർപേഴ്സൻ ഷെമീർ, പൊതുപ്രവർത്തകരായ ഇ.സി. രാമചന്ദ്രൻ, ഭഗവത് സിങ്, എം.എൻ. നാരായണദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.