നഗരത്തിലെ സ്വർണക്കവർച്ച: സ്വർണം കോയമ്പത്തൂരിലെത്തിയെന്ന് സൂചന
text_fieldsതൃശൂർ: നഗരത്തിൽ 1.80 കോടിയുടെ സ്വർണം കവർന്ന കേസിൽ പ്രതികൾക്കായി തമിഴ്നാട്ടിൽ അന്വേഷണം. സ്വർണം തട്ടിയെടുത്ത സംഘത്തെക്കുറിച്ച് വ്യക്തത ലഭിച്ചതായാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. സ്വർണം കോയമ്പത്തൂരിലേക്ക് കടത്തിയെന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് പൊലീസും കോയമ്പത്തൂരിലെത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു നിർമാണം കഴിഞ്ഞ ആഭരണങ്ങൾ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത് രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷന് റോഡില്‍ പതിയിരുന്ന ആറംഗ അക്രമി സംഘം സ്വർണവുമായി വന്നിരുന്ന ജീവനക്കാരെ തള്ളിയിട്ട് ബാഗ് തട്ടിയെടുക്കുകയായിരുന്നു.
ഇവർക്ക് നേരെ ഇരുമ്പ് കമ്പിയും വീശി. അപ്രതീക്ഷിത തള്ളലിൽ താഴെ വീണ ജീവനക്കാർ എഴുന്നേൽക്കും മുമ്പ് കവർച്ചാ സംഘം സ്ഥലം വിട്ടു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വെള്ള ഡിസൈർ കാറിലാണ് സംഘം എത്തിയത്. ഇത് പിന്തുടർന്നുള്ള ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്. സ്ഥാപനവുമായി ബന്ധമുള്ള മുൻ ജീവനക്കാരന് കവർച്ചയിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഏഴ് കൊല്ലമായി തൃശൂര്‍ നഗരത്തില്‍ സ്വര്‍ണാഭരണ നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡി.പി ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ മൂന്നു കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. തിരുനെല്‍വേലിയിലെ ജ്വല്ലറികളിലേക്കുള്ളതായിരുന്നു ആഭരണങ്ങൾ. രാത്രി പതിനൊന്നോടെ സ്ഥാപനത്തില്‍നിന്ന് രണ്ട് ബാഗുകളിലായി സ്വര്ണമെടുത്തിറങ്ങിയ സ്ഥാപന ഉടമ പ്രസാദിനെയും ജീവനക്കാരന് റിന്റോയെയുമാണ് അമ്പത് മീറ്റര്‍ പിന്നിട്ടപ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ആറംഗ സംഘം ആക്രമിച്ചത്. ഇവരെ തള്ളിയിട്ട് ബാഗ് കവര്‍ന്ന് കാറില്‍ കയറിപ്പോയെന്നാണ് മൊഴി. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ 20 ജീവനക്കാരുടെയും ഫോണ്‍ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.