ഭരണകൂടങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു-ബ്രെറ്റ് ബെയ്ലി
text_fieldsതൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാൻ ഭരണകൂടങ്ങൾ ശ്രമിക്കുന്നതിന് കാരണം ഭയമാണെന്ന് പ്രശസ്ത നാടക സംവിധായകൻ ബ്രെറ്റ് ബെയ്ലി. ഇറ്റ്ഫോക്കിനെത്തിയ ബെയ്ലി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പല രാജ്യങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം പ്രകടമാണ്.
ജനത്തെ വരുതിയിലാക്കാൻ അവർ പല മാർഗങ്ങളും പ്രയോഗിക്കുന്നു. കലാകാരന്മാരുടെ വായടപ്പിക്കുകയാണ് അവരുടെ വഴി. അഭയാർഥികളോടുള്ള രാജ്യങ്ങളുടെ സമീപനം മോശമാണ്. ഒരു കാലത്ത് അത്തരം ജൂത അഭയാർഥി വിഭാഗത്തിൽ നിന്നുള്ള നായകനാണ് എന്റെ നാടകമായ ‘സാംസണി’ലെ കഥാപാത്രം.
ഇന്നിപ്പോൾ സ്ഥിതി മാറി, ഫലസ്തീനെയാണ് ഇസ്രായേൽ അധികാരപ്പിടിയിലൊതുക്കുന്നത്. കോവിഡിന് ശേഷമുള്ള കാലത്ത് നിലനിൽക്കാൻ നാടക കമ്പനികൾ പാടുപെടുകയാണ്. പല കമ്പനികളും പൂട്ടിപ്പോയി. കോർപറേറ്റുകൾ നാടകങ്ങൾക്ക് പണമിറക്കുന്നത് കുറഞ്ഞു.
സർക്കാർ ഫണ്ടും ചുരുങ്ങി. നിലനിൽപ്പിന് തിയറ്റർ മാറ്റത്തിന് വിധേയമാവുകയാണ്. പല ആധുനിക സാങ്കേതിക വിദ്യയും നാടകത്തിന്റെ ഭാഗമായിട്ടുണ്ട്. ആ വികസനം തടയുന്നത് ശരിയല്ലെന്നും നിലനിൽപ്പാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ബൈബിളിനെ മതാത്മകതയിൽ നിന്നുമാറ്റി സമകാലിക സംഭവങ്ങളുമായി കൂട്ടിയിണക്കി സൂക്ഷ്മമായി രംഗാവതരണം നടത്തുകയാണ് ബ്രെറ്റ് ബെയ്ലി ‘സാംസൺ’ എന്ന നാടകത്തിലൂടെ.
ദക്ഷിണാഫ്രിക്കൻ നാടക സംഘമായ തേഡ് വേൾഡ് ബിൻ ഫൈറ്റ് എന്ന നാടകകമ്പനിയാണ് അഞ്ചിന് വൈകിട്ട് ഏഴിന് ആക്ടർ മുരളി തിയറ്ററിൽ നാടകം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ അവതരണം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.