ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾക്ക് 25.5 കോടി
text_fieldsവടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾക്ക് 25.5 കോടി രൂപ അനുവദിച്ചു. ആരോഗ്യ വകുപ്പിന്റെ 2023-24 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നാണ് 25.5 കോടി രൂപ അനുവദിച്ചത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പാണ് വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവുകൾ ഇറക്കിയത്. മെഡിക്കൽ കോളജിൽ ഭിന്നശേഷി-വയോജന സൗഹൃദ ആശുപത്രി അന്തരീക്ഷം ഉറപ്പാക്കാൻ രണ്ട് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഭിന്നശേഷിയുള്ളവർ ആശ്രയിക്കുന്ന കൃത്രിമ കാൽ നിർമാണ കേന്ദ്രമായ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന് (എ.എൽ.എഫ്.സി) മുകളിൽ രണ്ടു നിലകൾ കൂടി നിർമിക്കാൻ ഈ തുക വിനിയോഗിക്കുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകി. പ്രമേഹരോഗികൾക്ക് പ്രത്യേക പാദരക്ഷകൾ, പക്ഷാഘാതം ബാധിച്ച് തളർന്നുപോയ രോഗികളെ തിരികെ നടക്കാൻ സഹായിക്കുന്ന അത്യാധുനിക സ്ട്രോക്ക്/ ന്യൂറോ റിഹാബിലിറ്റേഷൻ യൂനിറ്റ് എന്നിവ കൂടി ഇവിടെ സജ്ജീകരിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
അതിനൂതന റേഡിയോളജി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയാണ് മെഡിക്കൽ കോളജിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. മുൻ ആലത്തൂർ എം.പി പി.കെ. ബിജുവിന്റെ എം.പി ഫണ്ടിൽനിന്ന് അനുവദിച്ച ഡിജിറ്റൽ റേഡിയോഗ്രഫി ഉപയോഗപ്പെടുത്തിയാണ് ഇതുവരെ എക്സ്റേ പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്. ഇതിന് പുറമെയാണ് അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രഫി യൂനിറ്റ് സ്ഥാപിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്. ഒ.പി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിലാകും ഇത് സ്ഥാപിക്കുക. ശ്വാസനാളത്തിലൂടെ ബ്രോങ്കോസ്കോപ് അൾട്രാ സൗണ്ട് സ്കാനിങ് സൗകര്യവും മെഡിക്കൽ കോളജിന് ലഭിക്കും. ഇതിനായി എൻഡോബ്രോങ്കിയൽ അൾട്രാ സൗണ്ട് വാങ്ങുന്നതിന് ഒരു കോടി 10 ലക്ഷം രൂപയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് മുഖേന ഇത് ലഭ്യമാക്കും. മെഡിക്കൽ കോളജിലെ ഫയർ സേഫ്റ്റി ഉറപ്പുവരുത്താൻ 1.5 കോടി രൂപയുടെ ഭരണാനുമതിയും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ആശുപത്രി കെട്ടിടത്തിൽ ഫയർ സേഫ്റ്റി ഓഡിറ്റ് അനുസരിച്ച് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് തുക വിനിയോഗിക്കാൻ സാധിക്കും.
രക്ത ബാങ്കിൽ രക്തത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ 43.23 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിച്ച് ഉത്തരവായിട്ടുണ്ട്. വിവിധ ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി പ്ലാൻ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ, ലാബ് റീ ഏജന്റ്, കൺസ്യൂമബിൾസ് തുടങ്ങിയവക്ക് 3.82 കോടി രൂപ, മറ്റ് ഇനങ്ങളിൽ 4.98 കോടി രൂപ, മൈനർ വർക്ക് പ്ലാനിൽ 3.02 കോടി രൂപ എന്നിങ്ങനെയും ഭരണാനുമതി ലഭിച്ചു. ഇതോടൊപ്പം മാലിന്യ സംസ്കരണത്തിന് വേണ്ടി 1.75 കോടി രൂപയും മെഡിക്കൽ കോളജിന് ലഭിക്കും. ആകെ 25.5 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. എല്ലാ പദ്ധതികളുടെയും നിർവഹണം സമയബന്ധിതമായി പൂർത്തീകരിച്ച് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.