കാർഷിക സർവകലാശാലയുടെ ബിരുദദാനം;റാങ്ക് ജേതാക്കൾ ഉൾപ്പെടെ വിദ്യാർഥികളെ ക്ഷണിച്ചില്ലെന്ന് പരാതി
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലേക്ക് റാങ്ക് ജേതാക്കൾ ഉൾപ്പെടെ വിദ്യാർഥികളെ ക്ഷണിച്ചില്ലെന്ന് പരാതി. 2016ലെ ബിരുദ വിദ്യാർഥികൾക്കും 2014ലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമായി ഓഫ്ലൈനിലും ഓൺലൈനിലുമായി നടന്ന പരിപാടിയിൽ മുഴുവൻ വിദ്യാർഥികളെയും ക്ഷണിച്ചില്ലെന്നാണ് ആരോപണം. മാത്രമല്ല, ബി.എസ്സി അഗ്രികൾച്ചർ വിഭാഗത്തിലെ റാങ്ക് ജേതാക്കൾക്കും വെള്ളായണി കാർഷിക കോളജിലെ എം.എസ്സി റാങ്ക് ജേതാക്കൾക്കും ഉൾപ്പെടെ ക്ഷണക്കത്ത് നൽകുകയോ ഇക്കാര്യം അറിയിക്കുക പോലുമോ ഉണ്ടായില്ല. ബിരുദദാനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങുക എന്നത് ബിരുദധാരികളുടെ അവകാശമാണ്. ഇത് ഹനിക്കപ്പെട്ടതായി ആരോപിച്ച് വി.സിക്കും രജിസ്ട്രാർക്കും അടക്കം പരാതി നൽകിയിരിക്കുകയാണ് വിദ്യാർഥികൾ.
ചടങ്ങിെൻറ നടത്തിപ്പ് ചെലവിനായി ഓരോ വിദ്യാർഥിയിൽ നിന്നും 2000 മുതൽ 2500 വരെ രൂപ സർവകലാശാല അധികൃതർ വാങ്ങിയിട്ടുണ്ട്. കോവിഡ് പെരുമാറ്റച്ചട്ടത്തിെൻറ ഭാഗമായി 100 പേർക്കു മാത്രമാണ് സദസ്സിൽ സൗകര്യം ഉണ്ടായത്. ബാക്കിയുള്ളവർ ഓൺലൈനായാണ് പരിപാടി കണ്ടത്. ഇങ്ങനെ നടന്ന പരിപാടിയിൽ ചുരക്കം വിദ്യാർഥികളെ മാത്രം വിളിച്ച സർവകലാശാല അധികൃതരുടെ നിലപാട് വിവേചനപരമാണെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
കുട്ടികളിൽ നിന്നു പരിച്ചെടുത്ത തുക മുഴുവൻ തിരികെ നൽകുകയോ, എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ബിരുദദാന ചടങ്ങ് വീണ്ടും നടത്തുകയോ ചെയ്യണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ബിരുദധാരികൾക്ക് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സർവകലാശാല അധികൃതർക്ക് നൽകിയ പരാതിയിൽ എസ്.എഫ്.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.