കരിങ്കല്ലിൽ കവിത രചിച്ച് തമിഴ് തൊഴിലാളികൾ
text_fieldsമാള: കരിങ്കൽ കട്ടകൾ കൈ കരുത്തിൽ നിർമിക്കുന്നത് കൗതുകമാവുന്നു. മാള പാറക്കടവിലാണ് സംഭവം. തറയിൽ ടൈലുകൾക്ക് പകരം സ്ഥാപിക്കുന്ന കരിങ്കൽ കട്ടകൾ യന്ത്രങ്ങളില്ലാതെ കൃത്യ അളവിലാണ് മുറിച്ചെടുക്കുന്നത്. തമിഴ്നാട് തൃച്ചി സ്വദേശി രാമമൂർത്തിയാണ് ഉളിയും ചുറ്റികയും മാത്രം ഉപയോഗിച്ച് ഭംഗിയുള്ള കരിങ്കൽ കട്ടകൾ നിർമിച്ചെടുക്കുന്നത്.
പാറക്കടവ് പഞ്ചായത്തിൽ കരിങ്കൽ പ്രദേശങ്ങൾ നിരവധിയാണ്. രാമമൂർത്തിയെ പോലെ വേറെയും തമിഴ് തൊഴിലാളികൾ മേഖലയിലുണ്ട്. ഈ പ്രദേശങ്ങളിൽ മണ്ണ് അൽപം നീക്കിയാൽ തന്നെ പാറയുടെ സാന്നിധ്യമുള്ളതായി കാണാം. നേരത്തേ വൻ കരിങ്കൽ ക്വാറികളുടെ കേന്ദ്രമായിരുന്നു ഇവിടം. വർധിച്ച ക്വാറി പ്രവർത്തനങ്ങൾ പിന്നീട് കോടതി തടഞ്ഞു. ശേഷമാണ് കരിങ്കൽ കട്ടകളുടെ വിൽപന വ്യാപകമായതെന്ന് നാട്ടുകാർ പറഞ്ഞു. തറകളിൽ ടൈലിന് പകരമാണ് ഇത്തരം കട്ടകൾ ഉപയോഗിക്കുന്നത്. ചിലർ വീട്ടു ചുമരിന് അഴക് വർധിപ്പിക്കാനും മതിൽ നിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്. കല്ല് നിർമിച്ചെടുക്കാൻ പ്രത്യേക പരിശീലനം വേണം. ഇതിൽ വിദഗ്ദരാണ് തമിഴ് തൊഴിലാളികൾ. ഒരു കല്ലിന് കൂലി ലഭിക്കുന്നത് 18 രൂപയാണ്. ഒരു ദിവസം പത്ത് കല്ലുകളാണ് ഒരാൾക്ക് നിർമിക്കാനാവുക. കൂലി പൊതുവെ കുറവാണെന്ന് ഇവർക്ക് ആക്ഷേപമുണ്ട്. പാറ കണ്ടെത്തി ഉളി ഉപയോഗിച്ച് തകർക്കുകയാണ് ഒന്നാംഘട്ടം. പിന്നീട് ഇവ 10-11എന്നിങ്ങനെ കൃത്യ അളവിൽ മുറിച്ചെടുക്കണം. മലയാളികൾ നേരത്തേ അന്തർസംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയിരുന്നത്. ഇപ്പോൾ പാറക്കടവിനെയാണ് പലരും ആശ്രയിക്കുന്നത്. ഭംഗിയേറിയ ഒരു കല്ലിന് മാത്രം നൂറു രൂപയിലധികം വിലയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.