കാർഷിക വിപ്ലവം തീർത്ത് ഗ്രീൻ ആർമി
text_fieldsമുളങ്കുന്നത്തുകാവ്: പാടങ്ങളിൽ യന്ത്രവത്കരണ നടീലിന് തുടക്കംകുറിച്ച 'ഗ്രീൻ ആർമി' ഞാറ്റടിയിലും എത്തിയിരിക്കുകയാണ്, മാറ്റങ്ങൾക്കായി. കാലാവസ്ഥാ വ്യതിയാനത്തിെൻറയും കോവിഡിെൻറയും കാലഘട്ടത്തിൽ കൃഷിപ്പണിക്ക് വേഗത കൂട്ടി ഉൽപാദനത്തിൽ വലിയ വർധനവാണ് ഗ്രീൻ ആർമിയുടെ ലക്ഷ്യം. കാട്ടുപന്നി, മയിൽ തുടങ്ങിയവയുടെ ആക്രമണത്തിൽ പലപ്പോഴും ഞാറ്റടി സംരക്ഷിച്ച് നടിൽ പൂർത്തിയാക്കുക കർഷകന് ദുഷ്കരമാണ്.
ഇവിടെ കർഷകൻ പാടം ഒരുക്കിത്തന്നാൽ ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് നടീൽ എളുപ്പത്തിൽ പൂർത്തിയാക്കാം. പൂർണമായും മണ്ണ് ഒഴിവാക്കി ചകിരി കമ്പോസ്റ്റും വെർമി കമ്പോസ്റ്റും ചേർന്ന് യന്ത്രമുപയോഗിച്ച് ട്രെയിലാണ് ഞാറ്റടി തയാറാക്കുന്നത്. സാധാരണ കർഷകർ ഉപയോഗിക്കുന്ന വിത്തിെൻറ മൂന്നിലൊരുഭാഗം മാത്രമേ യന്ത്ര ഞാറ്റടിയിൽ വേണ്ടി വരുന്നുള്ളൂ.
പൂർണമായും ജൈവരീതിയിൽ തയാറാക്കുന്ന ഞാറ്റടിയിലൂടെ പാടശേഖരത്തിലെ മണ്ണിനെ തിരിച്ചുപിടിക്കാനുമാകും. പോളി ഹൗസിലും തുറന്ന സ്ഥലത്തുമായാണ് ഞാറ്റടി തയാറാക്കുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ 10 ദിവസം കൊണ്ട് നടീൽ പ്രവൃത്തി ചെയ്യാനവും. കാർഷിക സർവകലാശാലയിലെ അഗ്രികൾചറൽ റിസർച് സ്റ്റേഷെൻറ സഹായത്തോടെയാണ് തയാറാക്കുന്നത്. കഴിഞ്ഞവർഷം വളപ്രയോഗത്തിന് തയാറാക്കിയ പാക്കേജ് കർഷകർ നന്നായി സ്വീകരിച്ചു. റെഡിമെയ്ഡ് ഞാറ്റടിയും വളപ്രയോഗത്തിെൻറ പാക്കേജും നടപ്പിലാക്കുന്ന കർഷകർക്ക് ഹെക്ടറിന് എട്ട് മുതൽ 10 ടൺ വരെ വിളവ് ഉറപ്പാക്കാനാകും.
കേരളത്തിൽ നെൽകൃഷി മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഒന്നായി ഗ്രീൻ ആർമിയുടെ ഈ മാതൃക മാറുകയാണ്. കോവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത ദൗർലഭ്യവും പാടശേഖരങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ പെട്ടെന്ന് അതിതീവ്ര മേഖലയിലേക്ക് മാറിയതും അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്കുമാണ് ഗ്രീൻ ആർമിയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഓരോ പാടശേഖരവും വളരെ വേഗത്തിൽ കൃഷിയിറക്കാൻ ഇതിലൂടെ കർഷകർക്ക് സഹായകമാകുമെന്ന് ഭാരവാഹികളായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.