കോൺഗ്രസിലെ ഗ്രൂപ് പോര് കെ.എസ്.യുവിലും; സ്ഥാനം തെറിച്ച് ജില്ല സെക്രട്ടറി
text_fieldsതൃശൂർ: കോൺഗ്രസിലെ ഗ്രൂപ് പോരിൽ സ്ഥാനം തെറിച്ച് കെ.എസ്.യു ജില്ല സെക്രട്ടറി. എ ഗ്രൂപ്പുകാരനായ വി.എസ്. ഡേവിഡിനാണ് സ്ഥാനചലനം. എ ഗ്രൂപ്പുകാരനായ ജില്ല പ്രസിഡൻറ് മിഥുൻ മോഹനുമായുള്ള തർക്കമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. നിരവധി വിഷയങ്ങൾ ഏറ്റെടുക്കുകയും കെ.എസ്.യുവിെൻറ പേരിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന ഡേവിഡിെൻറ ഒറ്റയാൾ പ്രവർത്തനങ്ങളിൽ മിഥുൻ മോഹൻ എതിർപ്പ് അറിയിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഡേവിഡിെൻറ ഡിവിഷനായ വില്ലടത്ത് മണ്ഡലം പ്രസിഡൻറിെൻറ നിയമനവുമായി ബന്ധപ്പെട്ടും മിഥുൻ മോഹനുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഡേവിഡ് അറിയാതെ ഡിവിഷനിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കാൻ മിഥുൻ മോഹൻ പരിപാടി സംഘടിപ്പിച്ചു. ഇത് ഡേവിഡ് ചോദ്യം െചയ്തിരുന്നു. പരിപാടിയിൽ പങ്കെടുക്കേണ്ട സനീഷ്കുമാർ ജോസഫ് എം.എൽ.എ പങ്കെടുക്കാതിരുന്നതിന് പിന്നിൽ ഡേവിഡാണെന്ന ആരോപണവുമുയർന്നു. ഇതോടെയാണ് തർക്കം രൂക്ഷമായത്. മിഥുൻ മോഹൻ ഇക്കാര്യം പരാതിയായി ഡി.സി.സി നേതൃത്വത്തെയും കെ.എസ്.യു നേതൃത്വത്തെയും അറിയിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുള്ളയാളാണ് ഡേവിഡ്. എന്നാൽ, സമീപകാലത്ത് ജില്ലയിലെ എ ഗ്രൂപ് നേതൃത്വവുമായി അകൽചയിലായിരുന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചനെ ആദരിക്കാൻ ടി.എൻ. പ്രതാപനൊപ്പം ഡേവിഡും പോയത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചു. എ ഗ്രൂപ്പിെൻറ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി. ഇതോടെ ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാൽ ഗ്രൂപ്പുമായി അടുപ്പത്തിലായിരുന്നു.
എ ഗ്രൂപ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തതോടെയാണ് നടപടിയെന്നാണ് സൂചന. ജില്ല പ്രസിഡൻറിെൻറ പരാതിയിൽ അന്വേഷണ വിധേയമായി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് സംസ്ഥാന പ്രസിഡൻറ് നീക്കിയെന്നാണ് ഔദ്യോഗിക വാർത്തക്കുറിപ്പ്. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിമാരായ പി.എച്ച്. അസ്ലം, അരുൺ രാജേന്ദ്രൻ തുടങ്ങിയവരെ ചുമതലപ്പെടുത്തിയതായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു അറിയിച്ചു. കോവിഡ് കാലത്ത് സ്നേഹവണ്ടി ഉൾപ്പെടെ സംഘടനക്കും പാർട്ടിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് താൻ നടത്തിയതെന്നാണ് ഡേവിഡിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.