സെന്റ് തോമസ് പള്ളിയങ്കണത്തിൽ വിളയിച്ചു, കണ്ണന് നിവേദിക്കാനുള്ള കദളിക്കുല
text_fieldsഗുരുവായൂർ: വികാരിയച്ചനും ഇടവകാംഗങ്ങളും ചേർന്ന് പള്ളിയങ്കണത്തിൽ വാഴനട്ടു, ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദിക്കാനുള്ള കദളി പഴങ്ങളാണ് ഇടവകയുടെ കൂട്ടായ്മയിൽ നട്ടുനനച്ചുവളർത്തിയത്. കുലകൾ മൂത്ത് പഴുത്തപ്പോൾ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസും കൃഷിക്ക് നേതൃത്വം നൽകിയ വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരനും ചേർന്ന്. 75 ഓളം കുലകളാണ് വിള വെടുത്തത്. ഗുരുവായൂർ നഗരസഭയുടെ കദളിവനം പദ്ധതിയിലാണ് ബ്രഹ്മകുളം സെന്റ് തോമസ് പള്ളിയങ്കണത്തിൽ വാഴകൾ നട്ടത്.
സെന്റ് തോമസ് പള്ളിക്ക് പുറമെ 15 ഇടങ്ങളിൽ കൂടി വാഴകൾ നട്ടിട്ടുണ്ട്. നഗരസഭയുടെ പദ്ധതിയിൽ വിളയുന്ന കദളിക്കുലകൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാൻ ഗുരുവായൂർ ദേവസ്വം തയാറാവുകയായിരുന്നു. പള്ളിയിൽ 25 സെന്റോളം സ്ഥലത്താണ് വാഴകൾ നട്ടത്. കദളിക്ക് പുറമെ റോബസ്റ്റ, പൂവൻ എന്നിവയും കൃഷി ചെയ്തിരുന്നു. വിളവെടുപ്പിന് ശേഷം നടന്ന യോഗം നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വരുമാനം ലഭിക്കുന്ന ഒരു പദ്ധതി എന്നതിനപ്പുറം വലിയ സന്ദേശമാണ് പള്ളിയിലെ കൃഷിയിടം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം നടപ്പാക്കുന്ന ചാരുഹിതം, ദേവാങ്കണം പദ്ധതി വിജയിപ്പിക്കുന്നതിൽ മുമ്പേ പറന്ന പക്ഷിയായി സെന്റ് തോമസ് ഇടവക മാറിയെന്ന് മുഖ്യാതിഥിയായ ദേവസ്വം ചെയർമാൻ പ്രഫ. വി.കെ. വിജയൻ പറഞ്ഞു. നാടിന് സൗഹൃദത്തിന്റെ സന്ദേശം പകരാൻ കൃഷിയിലൂടെ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ പറഞ്ഞു. വിളവെടുത്ത ആദ്യകുല സൗജന്യമായി ദേവസ്വത്തിന് നൽകുകയാണെന്നും അറിയിച്ചു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ബിന്ദു അജിത് കുമാർ, കൗൺസിലർ ഷിൽവ ജോഷി, കൃഷി ഫീൽഡ് ഓഫിസർ എസ്. ശശീന്ദ്ര, കൃഷി ഓഫിസർ വി.സി. റെജീന, അഭി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.