യാത്രക്കാരുടെ ശ്രദ്ധക്ക്...കോയമ്പത്തൂര്‍, കട്ടപ്പന ബസുകള്‍ പോയി
text_fieldsഗുരുവായൂര്‍: തമിഴ്നാടുമായുള്ള അന്തര്‍സംസ്ഥാന ബസ് ഗതാഗതക്കരാര്‍ വഴി ആരംഭിച്ച ഗുരുവായൂര്‍-കോയമ്പത്തൂര്‍ കെ.എസ്.ആര്.ടി.സി ബസ് ഒരു മാസം പോലും ഓടാതെ നിര്‍ത്തി. സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുത്ത് സര്‍വിസ് തുടങ്ങിയ ഗുരുവായൂര്‍ -കട്ടപ്പന ബസും നിര്‍ത്തി. സ്വകാര്യ ബസ് ലോബിയാണ് സര്‍വിസുകള്‍ നിര്‍ത്തിയതിന് പിന്നിലെന്ന് ആക്ഷേപമുയർന്നു.
കോയമ്പത്തൂര്‍ സര്‍വിസിന്റെ കഥ കഴിഞ്ഞതിങ്ങനെ:
ഗുരുവായൂര്‍ -ചിറ്റൂര്‍ -കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് മാര്‍ച്ച് 13ന് ആരംഭിച്ച സര്‍വിസ് ഏപ്രില്‍ എട്ടിനാണ് നിര്‍ത്തിയത്. ഗുരുവായൂരില്‍ നിന്ന് ആഘോഷമായി എന്‍.കെ. അക്ബര്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച സര്‍വിസായിരുന്നു ഇത്. അവധിക്കാലത്ത് വേനല്‍ കടുത്തതോടെ ബസ് സര്‍വിസ് താത്കാലികമായി നിര്‍ത്തിയതാണെന്നാണ് വിശദീകരിച്ചിരുന്നത്. സര്‍വിസ് നിര്‍ത്തി ഒരാഴ്ച കഴിഞ്ഞിട്ടും പുനരാരംഭിക്കാന്‍ നടപടിയുണ്ടായില്ല.
ഇതേ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ കളക്ഷന്‍ കുറഞ്ഞതിനാല്‍ സര്‍വിസ് നിര്ത്തിയതാണെന്നായി വിശദീകരണം. എന്നാല്‍, തുടക്കത്തില്‍ സാമാന്യം നല്ല കളക്ഷന്‍ ലഭിച്ചിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ബസിനെ കുറിച്ച് ആളുകള്‍ അറിഞ്ഞ് വരുന്നതിന് മുമ്പ് തന്നെ നിര്‍ത്തുകയും ചെയ്തു. ഗുരുവായൂര്‍ - കോയമ്പത്തൂര്‍ റൂട്ട് ഏറെ യാത്രക്കാരുള്ളതാണ്.
കട്ടപ്പന സര്‍വിസിന്റെ കഥ കഴിഞ്ഞതിങ്ങനെ:
സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുത്ത് ആരംഭിച്ചതായിരുന്നു ഗുരുവായൂര്‍-കട്ടപ്പന സര്‍വിസ്. രാവിലെ 6.50ന് പുറപ്പെട്ട് പറവൂര്‍, ആലുവ വഴി കട്ടപ്പനയിലേക്ക് പോകുന്ന തരത്തിലായിരുന്നു സര്‍വിസ്. രാത്രി പത്തിന് തിരിച്ചെത്തും. തൃശൂരിലെ ഗതാഗത കുരുക്കില്‍ പെടാതെ ഗുരുവായൂരില്‍ ആലുവയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ഈ സര്‍വിസ് ഉപകാരപ്രദമായിരുന്നു. 20,000 രൂപയോളം വരെ കളക്ഷനുണ്ടായിരുന്നു.
എന്നാല്‍, ഹൈറേഞ്ച് സര്‍വിസ് എന്ന പരിഗണന പോലും നല്‍കാതെ മോശം ബസുകളാണ് ഈ റൂട്ടിലെ സര്‍വിസിനായി നല്‍കിയിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം സര്‍വിസ് നടത്തിയ ബസ് ഏപ്രില്‍ നാലിന് നിര്‍ത്തി. കട്ടപ്പനക്ക് പകരം രാവിലെ ഒമ്പതിന് പത്തനംതിട്ടക്കാണ് ഈ ബസ് ഇപ്പോള്‍ അയക്കുന്നത്.
സ്വകാര്യ ബസിന്റെ ടേക്ക് ഓവര്‍ എന്ന നിലയില്‍ കെ.എസ.ആര്.ടി.സിക്ക് ലഭിച്ചിരുന്ന അധിക വരുമാനമായിരുന്നു കട്ടപ്പന സര്‍വിസ്. എന്നാല്‍, കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ഓടുന്ന റൂട്ടിലേക്കാണ് ഈ ബസ് ഇപ്പോള്‍ ഓടുന്നത്. രണ്ട് ബസുകളും പുനരാരംഭിക്കണമെന്നാണ് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.