കേന്ദ്ര ബജറ്റ്: ഗുരുവായൂർ-തിരുനാവായ പാതയിൽ വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം
text_fieldsഗുരുവായൂർ: ഗുരുവായൂർ -തിരുനാവായ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയതോടെ പാതയിൽ വീണ്ടും പ്രതീക്ഷ. അലൈൻമെന്റ് നിശ്ചയിച്ച് സർവേ പൂർത്തിയാക്കിയാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയാറാണെന്നാണ് റെയിൽവേ നൽകുന്ന സൂചന.
ഗുരുവായൂരിൽ നിർമാണം നടക്കുന്ന മേൽപാലം പൂർത്തിയാക്കുന്നതിന് റെയിൽവേയുടെ പങ്കായി ഒരു കോടി രൂപയും ബജറ്റിലുണ്ട്. മേൽപാല നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണിപ്പോൾ. ഗുരുവായൂരിനടുത്ത കരുവാൻപടി അടിപ്പാതയും ബജറ്റിലുണ്ട്. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ തിരുനാവായ പാത പൂർത്തിയാക്കാമെന്നാണ് റെയിൽവേ നിലപാട്.
എന്നാൽ, തൃശൂർ ജില്ലയിൽ മാത്രമേ സർവേ പോലും നടത്താനായിട്ടുള്ളൂ. മലപ്പുറം ജില്ലയിൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് സർവേ നടന്നിട്ടില്ല. നേരത്തേയും പലതവണ കേന്ദ്ര ബജറ്റിൽ ഗുരുവായൂർ പാത വടക്കോട്ട് ബന്ധിപ്പിക്കാൻ തുക വകയിരുത്തിയിരുന്നെങ്കിലും പിന്നീട് വകമാറ്റി ചെലവഴിക്കുകയായിരുന്നു.
സ്ഥലമേറ്റെടുപ്പിന് തുറന്ന ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്തു. തിരുനാവായ പാതക്കായി ടി.എൻ. പ്രതാപൻ എം.പി നിരവധി തവണ കേന്ദ്ര സർക്കാറിനും റെയിൽവേ ബോർഡിനും കത്ത് നൽകിയിരുന്നു.
അടുത്തിടെ എൻ.കെ. അക്ബർ എം.എൽ.എ നൽകിയ കത്തിനെ തുടർന്ന് പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേക്ക് കത്ത് നൽകിയിരുന്നു. തിരുനാവായ പാതക്ക് തുക വകയിരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ ഗുരുവായൂർ ദൃശ്യ ക്ലബ് അഭിനന്ദിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് ക്ലബ് ഭീമ ഹരജി നൽകിയിരുന്നു. പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ്, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, അജിത് ഇഴുവപ്പാടി, ജി.കെ. പ്രകാശ്, വി. ഭരതരാജൻ, ആർ. ജയകുമാർ, വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രവർത്തനങ്ങൾ റെയിൽവേ പുനരാരംഭിക്കുന്നു -ടി.എൻ. പ്രതാപൻ എം.പി
തൃശൂർ: ഗുരുവായൂർ -തിരുനാവായ പാത പ്രവർത്തനങ്ങൾ റെയിൽവേ പുനരാരംഭിക്കുന്നതായി ടി.എൻ പ്രതാപൻ എം.പി അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ അനുവദിച്ചു. അലൈൻമെന്റ് നിശ്ചയിച്ച് സർവേ പൂർത്തിയാക്കിയാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തയാറാണെന്നാണ് റെയിൽവേ നൽകുന്ന സൂചന.
എറണാകുളം -ഷൊർണൂർ മൂന്നാം പാതയുടെ സർവേ പൂർത്തിയാക്കി വിശദ പദ്ധതി രേഖ തയാറാക്കുന്ന ജോലി പൂർത്തിയാക്കുന്നതിന് 55 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2023 അവസാനത്തോടെ റിപ്പോർട്ട് തയാറാകുമെന്നാണ് കരുതുന്നത്. ഗുരുവായൂരിൽ നിർമാണം നടക്കുന്ന മേൽപാലം പൂർത്തിയാക്കുന്നതിന് റെയിൽവേയുടെ പങ്കായി ഒരു കോടി രൂപ വകയിരുത്തി. ഗുരുവായൂരിനടുത്ത കരുവാൻപടി അടിപ്പാതയും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കോലഴിയിലെ വേലുക്കുട്ടി, നെടുപുഴ, ഒല്ലൂർ, തൈക്കാട്ടുശ്ശേരി, നന്തിക്കര, നെല്ലായി, ഇരിങ്ങാലക്കുട പള്ളി ഗേറ്റ് എന്നിവിടങ്ങളിലെ മേൽപാല നിർമാണവും ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നെല്ലായി സ്റ്റേഷൻ കഴിഞ്ഞ് വരുന്ന അടിപ്പാതയും ബജറ്റിലുണ്ട്. എന്നാൽ, ഏറെ പ്രതീക്ഷിച്ചിരുന്ന എറണാകുളം -ഷൊർണൂർ മേഖലയിലെ ഓട്ടോമാറ്റിക് സിഗ്നലിങ് പരിഗണിക്കപ്പെട്ടില്ലെന്ന് എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.