ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി നിര്യാതനായി
text_fieldsഗുരുവായൂർ: ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (71) നിര്യാതനായി. തിങ്കളാഴ്ച രാത്രി 12 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആറ് ദിവസമായി വെൻറിലേറ്ററിലായിരുന്നു. മരണസമയത്ത് കോവിഡ് നെഗറ്റിവായിരുന്നു. കഴിഞ്ഞ മാസം 30ന് നടന്ന മേൽശാന്തി മാറ്റത്തിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിൽ എത്തിയത്. ദീർഘകാലം ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിെൻറയും മകനാണ്. നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിെൻറ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യതന്ത്രിയായി സ്ഥാനമേറ്റത്. 2014 ജനുവരി 25ന് ദേവസ്വം ഭരണ സമിതി അംഗമായി ചുമതലയേറ്റു. ദേവസ്വം ഭരണസമിതിയിലെ പാരമ്പര്യ അംഗം കൂടിയാണ്. ഭാര്യ: ചെങ്ങന്നൂർ മിത്രമഠം ഇല്ലത്ത് സുചിത്ര അന്തർജനം.ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏകമകനാണ്. മരുമകൾ: പിറവം മ്യാൽപ്പിള്ളി ഇല്ലത്ത് അഖില.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിൽ നിഷ്കർഷ പുലർത്തിയ തന്ത്രി
ഗുരുവായൂർ: ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ മാറ്റങ്ങളില്ലാതെ പിന്തുടരുന്നതിൽ നിർബന്ധം സൂക്ഷിച്ചയാളായിരുന്നു അന്തരിച്ച ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്. പലപ്പോഴും ദേവസ്വം ഭരണസമിതി തീരുമാനങ്ങളിലെ അനിഷ്ടം അദ്ദേഹം കത്തിലൂടെ അറിയിക്കുകയും ചെയ്തു. തന്ത്രിയുടെ നിലപാടിനനുസരിച്ച് പലതവണ ദേവസ്വത്തിന് തീരുമാനങ്ങൾ മാറ്റേണ്ടതായും വന്നു.
ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന പ്രസാദ ഊട്ട് എല്ലാ മതവിഭാഗങ്ങളിലും ഉള്ളവർക്ക് നൽകാൻ ഭരണസമിതി എടുത്ത തീരുമാനം പിന്നീട് തിരുത്തേണ്ടി വന്നു. പ്രസാദ ഊട്ട് ഹാളിലും ക്ഷേത്രാചാരങ്ങൾ പിന്തുടരണമെന്ന തന്ത്രിയുടെ നിർദേശത്തിന് ഭരണസമിതി വഴങ്ങുകയായിരുന്നു. ദേവസ്വം ഭരണസമിതി ആരംഭിക്കാൻ തീരുമാനിച്ച പറ ചൊരിയൽ വഴിപാടും തന്ത്രിയുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ രീതികളിൽ ഉൾപ്പെടുന്നതല്ല പറ ചൊരിയൽ വഴിപാടെന്നായിരുന്നു തന്ത്രിയുടെ നിലപാട്. ക്ഷേത്രത്തിലെ കലശചടങ്ങുകൾക്കിടെ ചെയർമാനോട് മാറിനിൽക്കെന്ന് പറഞ്ഞ സംഭവത്തിലും ഭരണസമിതിക്ക് തന്ത്രിയുടെ നിലപാടുകൾ അംഗീകരിക്കേണ്ടി വന്നു.
തന്ത്രിയുടെ വീട്ടിലെത്തി ചെയർമാൻ കാര്യങ്ങൾ വിശദീകരിച്ചാണ് പ്രശ്നം അവസാനിപ്പിച്ചത്. അയ്യപ്പെൻറ ഭണ്ഡാരം പുറത്തേക്ക് വെക്കാനുള്ള ഭരണസമിതിയുടെ തീരുമാനവും തന്ത്രിയുടെ നിലപാടിന് മുന്നിൽ പിൻവലിച്ചു. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയുടെ നിലപാട് അംഗീകരിക്കാനും മറ്റ് വിവാദങ്ങൾ വേണ്ടെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. കോവിഡിെൻറ പ്രതിസന്ധി ഘട്ടത്തിലും ക്ഷേത്രചടങ്ങുകൾ വിഘ്നം കൂടാതെ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും നാരായണൻ നമ്പൂതിരിപ്പാട് ശ്രദ്ധ പുലർത്തി. ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗമായിരുന്നെങ്കിലും ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് ചർച്ചകളുള്ള യോഗങ്ങളിൽ മാത്രമേ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.