കവിയെ ഒരു നോക്കുകാണാൻ സംഗീത സംവിധായകനെത്തി
text_fieldsഗുരുവായൂർ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ ഭക്തിഗാന രചനയിൽ ഒന്നാമനാക്കിയ 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...' എന്ന പാട്ടിന് ഈണം പകർന്ന ടി.എസ്. രാധാകൃഷ്ണൻ കവിയെ അവസാനമായി ഒരു നോക്കുകാണാനെത്തി.
1982 മാർച്ചിൽ ഗുരുവായൂർ ഉത്സവകാലത്ത് ഏതാനും മണിക്കൂറുകൾ കൊണ്ട് കൃഷ്ണൻകുട്ടി എഴുതിയതാണ് ഒരു നേരമെങ്കിലും എന്ന ഗാനം. ചുരുങ്ങിയ സമയം കൊണ്ട് രാധാകൃഷ്ണൻ അതിന് സംഗീതം പകർന്നു. പിന്നെ ഭക്തരുടെയും യുക്തിവാദികളുടെയുമൊക്കെ ചുണ്ടിലെ ഈണമായി ഈ ഗാനം മാറുകയായിരുന്നു.
കൃഷ്ണൻകുട്ടി എഴുതി തന്ന വരികൾ വായിച്ച ഉടൻ തന്നെ വിധിനിയോഗമെന്നോണം തന്നിലേക്ക് ഈണം വന്ന് നിറയുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഭാവിയിൽ ഈ ഗാനം ഇത്രയും സംഭവമാകുമെന്നൊന്നും കരുതിയിരുന്നില്ല. പിന്നീട് യേശുദാസ് ശബ്ദം പകർന്നതോടെ ഏറ്റവുമധികം മലയാളികൾ നെഞ്ചേറ്റിയ ഭക്തിഗാനമായി അത് മാറി. തന്‍റെയും ചൊവ്വല്ലൂരിന്‍റെയും കൂട്ടുകെട്ടിൽ പിറന്ന മിക്ക ഭക്തിഗാനങ്ങളും ജനം ഏറ്റെടുത്തുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ചൊവ്വല്ലൂർ സംഭാഷണം എഴുതിയ സർഗം സിനിമയുടെ സംവിധായകൻ ഹരിഹരനും അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
പു.ക.സ അനുശോചിച്ചു
ഗുരുവായൂർ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വേർപാടിൽ പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മറ്റി അനുശോചിച്ചു. കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. പു.ക.സ പ്രസിഡൻറ് എം.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗായത്രി, ലത്തീഫ് മമ്മിയൂർ, അമ്മന്നൂർ ശ്രീകുമാർ, എം.ജി. നിമൽ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.