ഗുരുവായൂര്‍ മേൽപാലം നിർമാണം; മഞ്ജുളാൽ മുതൽ റെയിൽവേ ഗേറ്റ് വരെ കൂടുതൽ നിയന്ത്രണം
text_fieldsഗുരുവായൂര്‍: മേൽപാലം പൈലിങ് പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും. റെയിൽവേ ഗേറ്റിന് കിഴക്ക് ഭാഗത്തുള്ള പൈലിങ് അവസാനിച്ചതിനാൽ അടുത്ത ഘട്ടമായി പടിഞ്ഞാറ് ഭാഗത്ത് ചൊവ്വാഴ്ച പൈലിങ് തുടങ്ങും. ഇതോടെ ഇതുവഴിയുള്ള ഗതാഗതത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ധാരണയായി. ഗേറ്റ് മുതൽ മഞ്ജുളാൽ ജങ്ഷൻ വരെ ഭാഗത്താണ് നിയന്ത്രണം വർധിപ്പിക്കുക.
നിർമാണത്തിന് തടസ്സമില്ലാത്ത വിധം ചെറുവാഹനങ്ങൾ കടത്തിവിടുന്ന കാര്യം പരിഗണനയിലുണ്ട്. പാലത്തിന് ആവശ്യമായ 46 പൈലുകളിൽ 14 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്നവയാണ് മാർച്ചിന് മുമ്പ് പൂർത്തീകരിക്കുക. ഒമ്പത് മാസം കൊണ്ട് പാലം പൂർത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ മൂന്നിനാണ് പൈലിങ് തുടങ്ങിയത്. കാലതാമസം ഒഴിവാക്കാന്‍ ആധുനിക സംവിധാനമായ സ്റ്റീല്‍-കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മിക്കുന്നത്.
46 പൈലുകൾക്ക് മുകളില്‍ സ്ഥാപിക്കുന്ന 10 തൂണുകളിലാണ് പാലം നില്‍ക്കുക. സ്റ്റീല്‍ തൂണുകളും ബീമുകളും ചെന്നൈയില്‍ തയാറാക്കി ഇവിടെയെത്തിച്ച് ഘടിപ്പിക്കും. കിഫ്ബിയില്‍നിന്നും 33 കോടി രൂപയാണ് മേൽപാലത്തിന് വകയിരുത്തിയത്. 517.32 മീറ്റര്‍ നീളമുള്ള പാലത്തിന് 10.15 മീറ്ററാണ് വീതി. റോഡിന് 7.5 മീറ്റര്‍ വീതിയുണ്ടാകും. ഇരുവശത്തും 1.5 മീറ്ററില്‍ നടപ്പാതയുണ്ട്. നാലു മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡും പദ്ധതിയിലുണ്ട്. സ്ഥലത്ത് ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ എം.എൽ.എ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.