പഞ്ചരത്നങ്ങളിൽ മൂവർ സംഘം വിവാഹ രജിസ്ട്രേഷനെത്തി
text_fieldsഗുരുവായൂർ: പഞ്ചരത്നങ്ങളിൽ കഴിഞ്ഞ 24ന് വിവാഹിതരായ മൂവർ സംഘം വരന്മാർക്കൊപ്പം ഗുരുവായൂർ നഗരസഭ ഓഫിസിൽ വിവാഹ രജിസ്ട്രേഷനെത്തി. കേരളമാകമാനം ശ്രദ്ധിച്ച വിവാഹത്തിലെ താരങ്ങളെ നഗരസഭ അധ്യക്ഷ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. ഷെനിൽ, മുൻ ചെയർമാൻ ടി.ടി. ശിവദാസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പുതുജീവിതത്തിന് തുടക്കമിട്ട ഉത്ര, ഉത്തമ, ഉത്തര എന്നിവരാണ് വരന്മാരായ കെ.എസ്. അജിത്കുമാർ, കെ.ബി. മഹേഷ്കുമാർ, ജി. വിനീത് എന്നിവർക്കൊപ്പം രജിസ്ട്രേഷനെത്തിയത്.
പെൺകുട്ടികളുടെ അമ്മ രമാദേവി, പഞ്ചരത്ന സഹോദര സംഘത്തിലെ ആൺതരി ഉത്രജൻ, വരന് വിദേശത്തുനിന്ന് എത്താൻ കഴിയാതിരുന്നതിനാൽ വിവാഹം മാറ്റിവെച്ച ഉത്രജ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദുരിതങ്ങൾ നിറഞ്ഞ ജീവിതം നീന്തിക്കടന്ന് മക്കളെ വളർത്തി വലുതാക്കിയ അമ്മ രമാദേവിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി നഗരസഭ അധ്യക്ഷ രതി പറഞ്ഞു.
നഗരസഭയുടെ ഉപഹാരവും കൈമാറി. ഉദ്യോഗസ്ഥരായ സി.കെ. രജിത് കുമാർ, എ.കെ. രാജീവൻ എന്നിവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈമാറി.
ചേംബർ ഓഫ് കോമേഴ്സ് നേതാക്കളായ പി.വി. മുഹമ്മദ് യാസിൻ, രവി ചങ്കത്ത്, സി.ഡി. ജോൺസൻ, നായർ സമാജം ജനറൽ സെക്രട്ടറി അച്യുത കുറുപ്പ് എന്നിവരും ഉപഹാരം കൈമാറി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് വഴക്കാട് സ്വദേശികളായ പ്രേംകുമാര്‍-രമാദേവി ദമ്പതികളുടെ മക്കളായ ഇവർ അഞ്ചുപേരുടെയും ഒന്നിച്ചുള്ള ജനനം മുതൽ ഓരോ ചലനങ്ങളും മലയാളികൾക്ക് വാർത്തയായിരുന്നു. 1995 നവംബര്‍ 18നാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഇവർ പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.