‘ലഖ്നോ കടമ്പ’കടക്കുന്നു; എല്ലാം റെഡിയെന്ന് എം.എല്‍.എ
text_fieldsഗുരുവായൂര്‍: മേല്‍പാലത്തിലെ ‘ലഖ്നോ’ കടമ്പയും കടക്കുന്നതോടെ എല്ലാം റെഡിയാണെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ. പാളത്തിന്റെ മുകളില്‍ വരുന്ന ഭാഗങ്ങള്‍ക്കുള്ള തൂണുകള്‍ പരിശോധിച്ച റെയില്‍വേയുടെ ലഖ്നോ ആസ്ഥാനമായ റിസര്‍ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്റെ (ആര്.ഡി.എസ്.ഒ) സര്‍ട്ടിഫിക്കറ്റ് ദിവസങ്ങള്‍ക്കകം ലഭിക്കുമെന്ന് എം.എല്‍.എ അവലോകന യോഗത്തില്‍ അറിയിച്ചു. പരിശോധന കഴിഞ്ഞിട്ടും ആര്.ഡി.എസ്.ഒയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പാളത്തിന് മുകളില്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണം സ്തംഭനാവസ്ഥയിലായിരുന്നു.
സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഒരാഴ്ചക്കകം ഗര്‍ഡറുകള്‍ തിരുച്ചിറപ്പള്ളിയിലെ ഫാക്ടറിയില്‍നിന്ന് ഗുരുവായൂരിലെത്തിക്കും. ഗര്‍ഡറുകളുടെ പരിശോധന ആര്.ഡി.എസ്.ഒ നേരത്തേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗര്‍ഡറുകള്‍ എത്തിച്ച് പണി തുടങ്ങുന്നതിന് മുമ്പ് പാളത്തിന് സമീപം വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുള്ള തടസ്സം നീക്കും.
സാധനസാമഗ്രികള്‍ സുഗമമായി ഇറക്കാനാണിത്. പാളത്തിന് മുകളിലുള്ള ഭാഗത്തിന്റെ നിര്‍മാണവും ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള ഭാഗവുമായുള്ള കൂട്ടിയോജിപ്പിക്കലും നടക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പുരോഗമിക്കാതെ അടിപ്പാത
ഗുരുവായൂര്‍: തിരുവെങ്കിടം അടിപ്പാതയുടെ കാര്യത്തില്‍ കഴിഞ്ഞമാസം അവലോകന യോഗത്തില്‍ അറിയിച്ച കാര്യങ്ങളില്‍നിന്ന് പുരോഗതിയൊന്നും ഉണ്ടായില്ല. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വില രണ്ടു ദിവസത്തിനകം നിര്‍ണയിക്കാമെന്നാണ് കഴിഞ്ഞ അവലോകന യോഗത്തില്‍ റവന്യൂ അധികൃതര്‍ പറഞ്ഞത്. തിങ്കളാഴ്ച നടന്ന യോഗത്തില്‍ ഇനിയും രണ്ടാഴ്ച വേണമെന്നായി അവരുടെ നിലപാട്. ദേവസ്വം സ്ഥലം ലഭിക്കാന്‍ കമീഷണര്‍ക്ക് കത്ത് നല്‍കിയെന്ന് കഴിഞ്ഞ യോഗത്തില്‍ അറിയിച്ചതുതന്നെ ദേവസ്വം പ്രതിനിധി ആവര്‍ത്തിച്ചു. അടിപ്പാതയുടെ രൂപരേഖ ഡിവിഷനല്‍ റെയില്‍വേ മാനേജരുടെ അംഗീകാരത്തിന് നല്‍കിയതായി കഴിഞ്ഞ യോഗത്തില്‍ പറഞ്ഞകാര്യം കെ റെയില്‍ അധികൃതരും ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.