മോഹൻലാലിന് ഗേറ്റ് തുറന്നുകൊടുത്തവർക്കെതിരെ നടപടി: അഡ്മിനിസ്ട്രേറ്റർക്കെതിരെ ദേവസ്വം ഭരണസമിതി അംഗങ്ങൾ
text_fieldsഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിെൻറ കാറിനായി വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാരെ ചുമതലയിൽനിന്ന് ഒഴിവാക്കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ഭരണസമിതി അംഗങ്ങൾ ദേവസ്വം കമീഷണർ ബിജു പ്രഭാകറിന് പരാതി നൽകി. ചട്ട ലംഘനം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന ഭരണസമിതി യോഗങ്ങൾ ബഹിഷ്കരിക്കുമെന്നും ഇവർ അറിയിച്ചു. ആകെയുള്ള ഒമ്പത് ഭരണസമിതി അംഗങ്ങളിൽ അഞ്ചുപേർ ചേർന്നാണ് പരാതി നൽകിയത്. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (ക്ഷേത്രം ഊരാളൻ), മുൻ എം.എൽ.എ കെ. അജിത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എ.വി. പ്രശാന്ത് എന്നിവരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സർക്കാർ നാമനിർദേശം ചെയ്തവരിൽ ചെയർമാൻ കെ.ബി. മോഹൻദാസ്, ഇ.പി.ആര്. വേശാല എന്നിവർ ഒഴികെ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത്തരം വിവാദങ്ങളിൽ പ്രതികരിക്കാത്ത തന്ത്രിയും സാമൂതിരിയുമാണ് ഭരണസമിതിയിൽ ശേഷിക്കുന്നവർ.
ഭരണസമിതിയുടെ തീരുമാനം ഇല്ലാതെയാണ് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അഡ്മിനിസ്ട്രേറ്റർ മാറ്റിനിർത്തിയതെന്ന് പരാതിയിൽ പറയുന്നു. മൂന്ന് ഭരണസമിതി അംഗങ്ങളുടെ അനുമതിയോടെയാണ് നടെൻറ കാർ കടത്തിവിട്ടത്. വി.ഐ.പിമാർ, അഡ്മിനിസ്ട്രേറ്ററുടെ വസതിയിലേക്ക് വരുന്നവർ, തന്ത്രി മഠത്തിലേക്ക് വരുന്നവർ, ദർശനത്തിനെത്തുന്ന വികലാംഗർ എന്നിവരുടെ വാഹനങ്ങൾക്കെല്ലാം വടക്കെ നടയിലെ ഗേറ്റ് തുറക്കാറുണ്ട്. ദേവസ്വം വാഹനങ്ങൾ, ചെയർമാൻ ഉൾെപ്പടെ ഭരണസമിതി അംഗങ്ങൾ അനുവദിക്കുന്ന വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവയും കടത്തിവിടാറുണ്ട്. നാളിതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ജനക്കൂട്ടം ഒഴിവാക്കാനാണ് നടനെ വടക്കെനട വഴി കടത്തിവിടാൻ ഭരണസമിതി അംഗങ്ങൾ അനുവദിച്ചത്. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരമില്ല. ചട്ടലംഘനം നടത്തി അഡ്മിനിസ്ട്രേറ്റർ കൈക്കൊണ്ട തീരുമാനം ദേവസ്വത്തിന് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുമ്പോൾ അനധികൃത നിയമനം നടത്തിയതിന് തങ്ങൾ നേരേത്ത പരാതി നൽകിയതും ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. നടപടി ഉണ്ടാകാത്തതിനാൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ധിക്കാരത്തോടെ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന യോഗങ്ങൾ ബഹിഷ്കരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരിക്ക് രണ്ടാഴ്ച കൂടിയാണ് കാലാവധിയുള്ളത്. സെപ്റ്റംബർ 11നാണ് മോഹൻലാൽ ദർശനത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.