പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിക്കുന്നത് ദാരുശിൽപവും ചുമർചിത്രവും
text_fieldsഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി മോദിക്ക് ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും.
തേക്കുമരത്തിൽ തീർത്ത ദാരുശിൽപം എളവള്ളി നന്ദനാണ് നിർമിച്ചത്. പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ദർശനത്തിനെത്തിയപ്പോഴും നന്ദൻ നിർമിച്ച ശിൽപമാണ് സമ്മാനിച്ചിരുന്നത്. പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, ചീഫ് ഇൻസ്ട്രക്ടർ എം.നളിൻ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രം നിർമിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രിമാർക്കും ഗവർണർമാർക്കും ദർശനമില്ല
ഗുരുവായൂർ: പ്രധാനമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തുമ്പോൾ കേന്ദ്രമന്ത്രിമാരും ഗവർണർമാരും ഉൾപ്പെടെയുള്ളവർക്ക് ഒപ്പം പ്രവേശനം അനുവദിക്കില്ല. പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്ന ശേഷം മാത്രമാകും ഇവർക്ക് പ്രവേശനം അനുവദിക്കുക.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി നിരവധി കേന്ദ്ര മന്ത്രിമാരും ഗവർണർമാരും ഗുരുവായൂരിലെത്തുന്നുണ്ട്. രാവിലെ ആറിന് ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നിർത്തലാക്കും. രാവിലെ ഏഴിന് ശേഷം ക്ഷേത്രം തന്ത്രി, മേൽശാന്തി, ഉദയാസ്തമയ പൂജ ചടങ്ങുകൾ നിർവഹിക്കുന്ന രണ്ട് ഓതിക്കൻമാർ, ഒരു കീഴ്ശാന്തി നമ്പൂതിരി എന്നിവർക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് നിൽക്കാൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി അനുമതി നൽകിയിട്ടുള്ളത്.
ക്ഷേത്രത്തിലെ ഉപദേവൻമാരായ ഗണപതി, അയ്യപ്പൻ ഭഗവതി എന്നിവർക്ക് പൂജ നടത്തുന്ന കീഴ്ശാന്തിമാർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനം നൽകും. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, മാനേജർ എന്നിവർക്കും അവരുടെ ഡ്യൂട്ടി സ്ഥലത്ത് തുടരാൻ അനുവദിക്കും. ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും മാത്രമാണ് അനുഗമിക്കാൻ അനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.