ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞായറാഴ്ച നടന്നത് 54 ലക്ഷം രൂപയുടെ വഴിപാടുകൾ
text_fieldsഗുരുവായൂര്‍: ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിലമർന്ന് ഗുരുവായൂർ. കോവിഡ് കാലത്തിനുശേഷം ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് ക്ഷേത്രനഗരി ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.
വൈശാഖ മാസാരംഭവും വേനലവധിയും പെരുന്നാളിന്റെ അവധി ദിനങ്ങളുമെല്ലാം ഒന്നിച്ചെത്തിയതോടെ ഭക്തരുടെ തിരക്കേറി. 54.34 ലക്ഷം രൂപയുടെ വഴിപാടുകളാണ് ഞായറാഴ്ച രാത്രി വരെ നടന്നത്.
ദർശനത്തിനുള്ള വരിയുടെ അറ്റം പടിഞ്ഞാറെ നട ഇന്നര്‍ റിങ് റോഡ് വരെയെത്തിയിരുന്നു. അവിടെനിന്ന് പടിഞ്ഞാറെ നടപ്പന്തലിലൂടെ തെക്കേ നടപ്പന്തലിന്റെ തെക്കേ അറ്റത്തുനിന്ന് വളഞ്ഞ് കിഴക്കേ നടയിൽ ദർശനത്തിന് വരിനിൽക്കുന്ന ഭാഗത്തേക്ക് എത്തുന്ന തരത്തിലായിരുന്നു ഞായറാഴ്ചയിലെ ക്രമീകരണം. വഴിപാട് ശീട്ടാക്കാനുള്ള ഭാഗത്തും വരിയുണ്ടായിരുന്നു. 24 ലക്ഷത്തോളം രൂപയുടെ തുലാഭാരം ഉണ്ടായി. പാല്പായസം 5.51 ലക്ഷം, നെയ്പായസം 1.94 ലക്ഷം എന്നിങ്ങനെ ഉണ്ടായി. വരി നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിനുള്ള 4500 രൂപയുടെ നെയ്വിളക്ക് വഴിപാട് 89 പേരും 1000 രൂപയുടേത് 1116 പേരും ശീട്ടാക്കി. 792 ചോറൂണും ഉണ്ടായി. 11 വിവാഹങ്ങൾ നടന്നു. ഭക്തരുടെ തിരക്ക് മൂലം ഉച്ചക്ക് 2.30നാണ് നടയടച്ചത്. അപ്പോഴും ദർശനത്തിനുള്ളവർ വരിയിൽ ഉണ്ടായിരുന്നു. രാത്രി ഏഴിന് മുമ്പ് തന്നെ വരിയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തി. ലോഡ്ജുകളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.