ടി.എൻ. പ്രതാപന് നിരാശയും കുറ്റബോധവും -എൽ.ഡി.എഫ്
text_fieldsഗുരുവായൂർ: ഗുരുവായൂരിലെ റെയിൽവേ വികസനത്തിന്റെ പേരിൽ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രസ്താവനയുമായി ടി.എൻ. പ്രതാപൻ എം.പി ചാടിവീണത് ഒന്നും ചെയ്യാനാവാതെ പോയതിന്റെ നിരാശയും കുറ്റബോധവും മൂലമെന്ന് എൽ.ഡി.എഫ്. നിലവിലെ പദ്ധതികളല്ലാതെ ഗുരുവായൂരിനായി ഒരു പാക്കേജും നടപ്പാക്കാനാവാതിരുന്ന ബി.ജെ.പി എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷം അണിയുകയാണെന്നും എൽ.ഡി.എഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മേൽപാലത്തിന്റെ കാര്യത്തിൽ എം.പി നിസ്സംഗനായിരിക്കുമ്പോൾ എൻ.കെ. അക്ബർ എം.എൽ.എയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുവെങ്കിടം അടിപ്പാതയിലും എം.പി ഒന്നും ചെയ്തില്ല. തിരുനാവായ പാതയുടെ സർവേ മുടക്കിയത് പ്രതാപന്റെ മുന്നണിക്കാരാണ്.
ഭൂമിയേറ്റെടുക്കാൻ മതിയായ തുക വകയിരുത്തി തിരുനാവായ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാന സർക്കാർ ത്വരിതഗതിയിൽ നടപടിയെടുക്കും. 50 ശതമാനം മാത്രം കേന്ദ്ര വിഹിതമുള്ള അമൃത് പദ്ധതികളുടെ പേരിൽ ബി.ജെ.പി മേനി നടിക്കുന്നതിൽ അർത്ഥമില്ല.
അമൃത് പദ്ധതി നഗരസഭയുടെ സാമ്പത്തിക സ്ഥിതി മോശമാക്കി. രണ്ടാം തവണ അധികാരമേറ്റ മോദി ആദ്യം സന്ദർശിച്ച തീർഥാടന കേന്ദ്രമായ ഗുരുവായൂരിന് പ്രത്യേക പദ്ധതി വരുമെന്ന പ്രചാരണമെല്ലാം പൊളിഞ്ഞു. റെയിൽവേ വികസനത്തിനായി ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന സത്യഗ്രഹം സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കും.
സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമദ് ബഷീർ, പി.ഐ. സൈമൻ, പി.കെ. സെയ്താലിക്കുട്ടി, ഇ.പി. സുരേഷ്, സി.വി. ശ്രീനിവാസൻ, കെ.ആർ. സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.