ഡോ. വി.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയര്‍മാനായി ചുമതലയേറ്റു
text_fieldsഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ. വി.കെ. വിജയന് ചുമതലയേറ്റു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെയര്‍മാനാകുന്നത്. നിലവിലെ ഭരണസമിതി വ്യാഴാഴ്ച കാലാവധി പൂർത്തിയാക്കിയിരുന്നു. തുടർന്ന് സി.പി.എം പ്രതിനിധിയായിരുന്ന ഡോ. വി.കെ. വിജയനെ വീണ്ടും ഭരണ സമിതി അംഗമായി നാമനിർദേശം ചെയ്യുകയായിരുന്നു. മുൻ ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രന് പകരമായി സി.പി.ഐ പറവൂര്‍ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥനെ നാമ നിർദേശം ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ദേവസ്വം കമീഷണര്‍ ബിജു പ്രഭാകര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് നടന്ന ഭരണ സമിതി യോഗത്തില്‍ ചെയര്മാന് സ്ഥാനത്തേക്ക് ഡോ. വിജയന്റെ പേര് കെ.ആര്. ഗോപിനാഥ് നിര്‍ദേശിച്ചു. മനോജ് ബി. നായര്‍ പിന്താങ്ങി. എം.എല്‍.എമാരായ എന്‍.കെ. അക്ബര്‍, മുരളി പെരുനെല്ലി, നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. വി.കെ. വിജയന് തൃശൂര്‍ കേരളവര്‍മ കോളജിലെ റിട്ട. സംസ്കൃതം അധ്യാപകനാണ്. സി.പി.ഐ പ്രതിനിധി കെ.പി. വിശ്വനാഥന് പറവൂര്‍ മൂത്തകുന്നം സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.