ഓണക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി
text_fieldsഗുരുവായൂർ: ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ദർശനസമയം കൂട്ടിയത്. ക്ഷേത്രം നട ഉച്ചക്ക് 3.30ന് തുറക്കും. ശനിയാഴ്ച ഉത്രാട കാഴ്ചക്കുല സമർപ്പണവും തിരുവോണനാളിൽ ഓണപ്പുടവ സമർപ്പണവും നടക്കും. ഓണനാളിൽ പതിവ് ചടങ്ങുകൾക്കു പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒമ്പതിന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ടിന് അവസാനിപ്പിക്കും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കായവറവ്, അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുള്ള വിഭവങ്ങളുണ്ടാകും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും മേള പ്രമാണം വഹിക്കും. തിരുവോണാഘോഷത്തിന് 21.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.