മോചനം നൽകിയ ആന തന്നെ പാപ്പാന്റെ ജീവനെടുത്തു
text_fieldsചന്ദ്രശേഖരന്റെ
പുറത്തിരിക്കുന്ന
രതീഷ്
ഗുരുവായൂർ: ആക്രമണകാരിയായതിനാൽ 20 വർഷം ആനത്താവളത്തിലെ കെട്ടുതറയിൽ തളച്ചിരുന്ന ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ പുറം ലോകത്തെത്തിച്ച പെരുമയിൽ നിൽക്കവേയാണ് പാപ്പാൻ രതീഷിന്റെ വിയോഗം. താനടക്കമുള്ള പാപ്പാന്മാർ ചേർന്ന് പുറംലോകം കാണിച്ച ചന്ദ്രശേഖരൻതന്നെയാണ് രതീഷിന്റെ ജീവൻ കൊമ്പിൽ കോർത്തെടുത്തതും. ചന്ദ്രശേഖരന്റെ രണ്ടാം പാപ്പാനായിരുന്നു രതീഷ്. ബൈജു, ദിനേഷ് എന്നിവരാണ് ഒന്നും മൂന്നും പാപ്പാന്മാർ.
ഒരു പാപ്പാനെ മാത്രം അനുസരിക്കുന്നവനാണ് ചന്ദ്രശേഖരൻ. എങ്കിലും രതീഷിന്റെ അടുത്തും ഇണക്കം കാട്ടാറുണ്ട്. ആ ധൈര്യത്തിലാണ് ഒന്നാം പാപ്പാൻ ബൈജു അവധിയിലായിരുന്ന ബുധനാഴ്ച ആനയെ അടുത്തെത്തി പരിചരിച്ചത്. രാവിലെ കുഴപ്പമൊന്നും കാട്ടിയില്ലെങ്കിലും ഉച്ചക്ക് ആനക്ക് അടുത്തെത്തിയ രതീഷിനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കുത്തുകയായിരുന്നു.
ആംബുലൻസുണ്ട്; ഡ്രൈവറില്ല
ഗുരുവായൂർ: അപകടങ്ങൾക്ക് ഏറെ സാഹചര്യമുള്ള ആനത്താവളത്തിൽ ആംബുലൻസ് ഉണ്ടെങ്കിലും ഡ്രൈവറില്ല. ദേവസ്വത്തിൽ നിരവധി ഡ്രൈവർമാരുണ്ടെങ്കിലും ആനത്താവളത്തിൽ ആരെയും നിയോഗിച്ചിട്ടില്ല. എന്തെങ്കിലും അപകടമുണ്ടായാൽ ഡ്രൈവിങ് അറിയുന്ന പാപ്പാൻ ആംബുലൻസ് എടുക്കണമെന്നാണ് നിർദേശം.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ രതീഷിനെയും മറ്റൊരു പാപ്പാൻതന്നെയാണ് ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. 40ലധികം ആനകളുള്ള സ്ഥലത്ത് ഒരു ആംബുലൻസ് ഡ്രൈവറെ നിയോഗിക്കാത്തതിൽ ആക്ഷേപം ശക്തമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.