ആളൂര്‍ പാടത്ത് ‘ലക്ഷ്മീരോഗം’
text_fieldsഗുരുവായൂര്‍: കണ്ടാണശേരിയിലെ ആളൂര്‍ പാടശേഖരത്തില്‍ 200 ഏക്കറോളം പാടശേഖരത്തില്‍ ലക്ഷ്മീരോഗം (ഫാൾസ് സ്മട്ട്) വ്യാപകം. അടുത്ത മാസം കൊയ്ത്ത് നടക്കേണ്ട പാടങ്ങളിലാണ് രോഗബാധ. ഏതാനും കതിരുകളില്‍ ഈ രോഗം കാണുക സാധാരണമാണെങ്കിലും ഇവിടെ അതിരൂക്ഷ രീതിയിലാണ് രോഗബാധയെന്ന് കൃഷി ഓഫിസര്‍ അനൂപ് വിജയന് പറഞ്ഞു.
പകുതിയോളം വിളവിനെ ബാധിക്കുന്ന അവസ്ഥയാണ്. കതിരായി കഴിഞ്ഞ ശേഷമാണ് രോഗം ബാധിച്ചത് എന്നതിനാല്‍ ഇനി കീടനാശിനി പ്രയോഗിക്കാനാവില്ല. നെല്ലിനെ ബാധിക്കുന്ന കുമിള്‍രോഗമാണ് ലക്ഷ്മീരോഗം. കതിരിനെ ആക്രമിച്ച് നെന്മണികള്ക്ക് പകരം മഞ്ഞ നിറത്തിലുള്ള കുമിളിന്റെ തന്തുക്കള്‍ അടങ്ങിയ ഗോളങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
സ്വര്‍ണ മണികളെപ്പോലെ കാണുന്ന ഇവയുടെ മുകളില്‍നിന്ന് മഞ്ഞ നിറത്തിലുള്ള പൊടിയും ഉണ്ടാകും. ആളൂരിലെ ഗുരുതരാവസ്ഥ കാര്‍ഷിക സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ടെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. അവിടെനിന്നുള്ള വിദഗ്ധര്‍ അടുത്ത ദിവസം ആളൂരിലെത്തും.
ഉമ വിത്താണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. കൊയ്ത്ത് അടുക്കാറായപ്പോള്‍ ഉണ്ടായ രോഗബാധയുടെ ആശങ്കയിലാണ് 50ഓളം കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.