കോവിഡാനന്തര വിവാഹത്തിരക്ക്; ഗുരുവായൂരിൽ ഞായറാഴ്ച നടന്നത് 108 വിവാഹങ്ങൾ
text_fieldsഗുരുവായൂര്‍: കോവിഡ് കാലത്തെ ഇടവേളക്കുശേഷം വിവാഹത്തിരക്കിലമർന്ന് ക്ഷേത്രനഗരി. 108 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്. 129 എണ്ണം ശീട്ടാക്കിയിരുന്നു. രണ്ടു മാസം മുമ്പ് തന്നെ 100 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നു.
എന്നാൽ, നല്ല മുഹൂര്‍ത്തമുള്ള ദിവസം എന്ന പരിഗണനയിൽ കൂടുതൽ വിവാഹങ്ങൾക്ക് ദേവസ്വം അനുമതി നൽകുകയായിരുന്നു. വിവാഹസംഘങ്ങളിൽ 12 പേർക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കല്യാണമണ്ഡപങ്ങള്‍ക്ക് മുന്നിലും പ്രധാന നടപ്പന്തലിലും വലിയ തിരക്കുണ്ടായില്ല.
എന്നാൽ, രേഖകള്‍ ഒത്തുനോക്കി വിവാഹ സംഘങ്ങൾക്ക് അനുമതിനൽകുന്ന മേല്പത്തൂര് ഓഡിറ്റോറിയത്തിെൻറ തെക്കുഭാഗത്ത് നിയന്ത്രണങ്ങളെല്ലാം താറുമാറായി. വിവാഹച്ചടങ്ങുകൾ കാണാനും മൊബൈലില്‍ പകർത്താനും ബന്ധുക്കളുടെ തിരക്കുമുണ്ടായി. വിവാഹപാർട്ടികളിൽ ഗണ്യമായ വിഭാഗം മാസ്ക് ധരിച്ചിരുന്നുമില്ല.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനും ഞായറാഴ്ച തിരക്കുണ്ടായി. വെര്‍ച്വല്‍ ക്യൂ വഴിയും ദീപസ്തംഭത്തിന് മുന്നിലും ഭക്തരുടെ നീണ്ടവരിയായിരുന്നു. നഗരം തിരക്കിലമർന്നതോടെ ഗതാഗത നിയന്ത്രണത്തിനും പൊലീസ് ഏറെ പണിപ്പെട്ടു. ലോക്ഡൗൺ തുടങ്ങിയതോടെ ഇല്ലാതായിരുന്ന ഇന്നർ റിങ് റോഡിലെ വൺവേ ഞായറാഴ്ച വീണ്ടും നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.