ഗുരുവായൂരില്‍ ഏഴുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsഗുരുവായൂര്‍: തൈക്കാട്, മാണിക്കത്തുപടി മേഖലയില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. അടുക്കളില്‍ ചോറ് ഊറ്റിക്കൊണ്ടിരുന്ന വയോധികയെ വരെ നായ കടിച്ചു. തൈക്കാട് പള്ളി റോഡ് ഭാഗത്ത് തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ തന്നെ നായയുടെ വിളയാട്ടം തുടങ്ങിയിരുന്നു. പത്രവിതരണത്തിന് പോകുന്ന നിരവധിപേരെ പിന്തുടര്ന്നോടിച്ചിരുന്നു. മണ്ണുങ്ങാട്ട് ഗോവിന്ദന്റെ ഭാര്യ കമലാദേവി മുറ്റം അടിച്ചുകൊണ്ടിരിക്കെയാണ് നായ കടിച്ചത്.
പന്നിപറമ്പില്‍ നാരായണന്റെ ഭാര്യ കല്യാണിയെ അടുക്കളയില്‍ കയറി കടിച്ചു. ഇവര്‍ ചോറ് ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു. രാമനത്ത് ഹംസയുടെ മകള്‍ ഷാമില, പോക്കാക്കില്ലത്ത് അസീസ്, വലിയറ ഭാസ്കരന്, തമിഴ്നാട് സ്വദേശിനി രേവതി എന്നിവര്‍ക്കും കടിയേറ്റു. മാണിക്കത്തുപടിയില് പെരിങ്ങാട്ട് അയ്യപ്പനെയാണ് കടിച്ചത്.
കടിയേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമനും മെഡിക്കല്‍ കോളജിലെത്തിയിരുന്നു. സൈക്കിളില്‍ പോയിരുന്ന മുന്‍ കൗണ്‍സിലര്‍ പണ്ടിരിക്കല്‍ വിജയനെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കറുത്ത നായാണ് ആക്രമണം നടത്തിയതെന്ന് കടിയേറ്റവര്‍ പറഞ്ഞു. നായ വ്യാപകമായി ആക്രമിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒരാഴ്ച മുമ്പ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ കുട്ടിയെ നായ് കടിച്ചിരുന്നു. ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന് പല്ലത്ത് ആവശ്യപ്പെട്ടു. കടിയേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
അതിരുവിടരുത് നായ് ‘സ്നേഹം’; അക്രമകാരികളാണ്
തൃശൂർ: തെരുവുനായ് ആക്രമം വീണ്ടും രൂക്ഷമാവുകയാണ്. ജനവാസകേന്ദ്രങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതാണ് ഇവകൾ വീണ്ടും നാട്ടുകാർക്ക് ഭീഷണിയായി മാറുന്നതെന്നാണ് ആക്ഷേപം. ഭക്ഷണം തേടി സ്ഥിരമായി എത്തുന്ന നായകൾ കുട്ടികളെയടക്കം ആക്രമണകാരികളാവുകയാണ്.
ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് എത്തുന്നതെന്നാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ പറയുന്നത്. ഗുരുവായൂരിൽ തിങ്കളാഴ്ച 85കാരിയടക്കമുള്ളവർക്ക് നേരെയാണ് അക്രമമുണ്ടായത്. തെരുവുനായ്ക്കളോടുള്ള സ്നേഹം അതിരുവിട്ട് ചിലർ അവരുടെ വീടുകൾക്കുമുമ്പിലും മറ്റുചിലർ നഗരത്തിന്റെ വിവിധയിടങ്ങളിലുമെത്തിച്ചാണ് ഭക്ഷണം നല്‍കുന്നത്.
കഴിഞ്ഞദിവസം തൃശൂർ കോട്ടപ്പുറത്ത് ഇത്തരത്തിൽ കുരച്ചെത്തിയ നായെ നാട്ടുകാർ ചേർന്ന് തല്ലി അവശനാക്കിയതായി പറയുന്നു. തുടർന്ന് കൗൺസിലർ ഇടപെട്ട് നായെ പിടിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. എന്നാൽ കോർപറേഷനിൽ പലയിടത്തും ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ പട്ടിപിടിത്തക്കാർക്ക് എല്ലായിത്തും എത്താനാവുന്നില്ല.
ഭക്ഷണം നല്കുന്നവരോട് പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പറയുമ്പോൾ തർക്കിക്കുന്നതായും മൃഗസംരക്ഷണ വകുപ്പിനോടു പരാതിപ്പെട്ട് നിയമനടപടികൾ എടുക്കാൻ പ്രേരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. നായ്ക്കൾക്ക് ഭക്ഷണം നൽകാൻ തയാറാകുന്നവർ അവയെ വീടുകളിൽ കൊണ്ടുപോയി സംരക്ഷിക്കണമെന്നാണ് നായ് ഭീതിയിൽ കഴിയുന്ന പ്രദേശവാസികളുടെ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.