ഗാരേജില്‍നിന്ന് വീട്ടിലേക്ക്...സ്റ്റേഷനിലേക്ക് ഇനി എന്നാണാവോ?
text_fieldsഗുരുവായൂര്‍: ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ കണ്ടാണശ്ശേരിയിലെ ഗാരേജില്‍നിന്ന് ചൂല്‍പ്പുറത്തെ വീട്ടിലെത്തി. ആളും ആരവവും ഇല്ലാതെയായിരുന്നു 'ഗൃഹപ്രവേശം'. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം മാവിന്‍ചുവട് - ചിറ്റിയാനി റോഡില്‍ ചൂല്‍പ്പുറത്തുള്ള വീട് വാടകക്കെടുത്താണ് താൽക്കാലികമായി സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കമീഷണര്‍ ആര്‍. ആദിത്യ ഉദ്ഘാടനം ചെയ്തു. എ.സി.പി കെ.ജി. സുരേഷ്, കൗണ്‍സിലര്‍ സിന്ധു ഉണ്ണി, എസ്.എച്ച്.ഒ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 2014 ആഗസ്റ്റില്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ വിഭജിച്ച് ടെമ്പിള്‍ സ്റ്റേഷന്‍ രൂപവത്കരിച്ചത് മുതല്‍ ആരംഭിച്ചതാണ് ഗുരുവായൂര്‍ സ്റ്റേഷന്റെ കഷ്ടകാലം.
നിലവിലുണ്ടായിരുന്ന കെട്ടിടം ടെമ്പിള്‍ സ്റ്റേഷന്റേതായി മാറി. ഈ കെട്ടിടം പൊളിച്ച് പിന്നീട് ആധുനിക രീതിയിൽ കെട്ടിടം നിര്‍മിച്ചു. എ.സി.പി ഓഫിസും ഇങ്ങോട്ട് മാറ്റി. കണ്ടാണശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഗാരേജ് സ്റ്റേഷനാക്കി മാറ്റിയെടുത്താണ് ഗുരുവായൂര്‍ പൊലീസിന് ആസ്ഥാനം കണ്ടെത്തിയത്.
താൽക്കാലികം എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും എട്ട് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. ഗുരുവായൂര്‍ സ്റ്റേഷന്‍ എന്ന പേരുപോലും പലരും മറന്ന് കണ്ടാണശ്ശേരി സ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കെട്ടിട ഉടമ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ട് ഏറെക്കാലമായെങ്കിലും പകരം സ്ഥലം കിട്ടാത്തതിനാല്‍ ഗാരേജില്‍ തുടർന്നു. മഴക്കാലമായാല്‍ സ്റ്റേഷനുള്ളില്‍ വരെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു.
സര്‍ക്കാര്‍ വക സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. ഒടുവില്‍ ചൂല്‍പ്പുറത്തുള്ള ഇരുനില വീട് വാടകക്കെടുത്ത് താൽക്കാലികമായി അങ്ങോട്ട് മാറുകയായിരുന്നു. പുതിയ കെട്ടിടത്തില്‍ ലോക്കപ്പ് സൗകര്യം ഉണ്ടാവില്ല.
ടെമ്പിള്‍ സ്റ്റേഷനിലെ ലോക്കപ്പാവും ഉപയോഗിക്കുക. കണ്ടാണശ്ശേരി പഞ്ചായത്തിലേക്ക് മാറിയിരുന്ന സ്റ്റേഷന്‍ ഗുരുവായൂര്‍ നഗരസഭ പരിധിയിലേക്ക് തിരിച്ചെത്തിയെങ്കിലും സൗകര്യപ്രദമായ സ്റ്റേഷന് ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യം ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.