ഗുരുവായൂര്‍ മേല്‍പാലം നവംബര്‍ ഒന്നിന് പൂര്‍ത്തിയാകുമെന്ന് അവലോകനയോഗത്തില്‍ ഉറപ്പ്
text_fieldsഗുരുവായൂര്‍: ‘‘ഇനി ചിലപ്പോള്‍ അവലോകനയോഗം ഉണ്ടാവില്ല. അടുത്ത് നമ്മള് ഒത്തുകൂടുന്നത് മേല്‍പാലം ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവത്കരണത്തിനാകും. അടുത്ത ബുധനാഴ്ച ഉദ്ഘാടന തീയതി തീരുമാനിക്കും.
നവംബര്‍ ആദ്യവാരം ഉദ്ഘാടനവും നടത്താം’’. രണ്ടാഴ്ച കൂടുമ്പോഴുള്ള മേല്‍പാല അവലോകനത്തിന്റെ ശനിയാഴ്ച ചേർന്ന യോഗത്തിൽ എന്‍.കെ. അക്ബര്‍ എം.എല്‍.എ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
ഈ മാസം അവസാനംതന്നെ ശേഷിക്കുന്ന പണികളെല്ലാം പൂര്‍ത്തിയാക്കാമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കേരളയുടെ (ആര്.ബി.ഡി.സി.കെ) ഉദ്യോഗസ്ഥരും കരാറുകാരും മേല്‍നോട്ട ചുമതലയുള്ള റൈറ്റ്സിന്റെ ഉദ്യോഗസ്ഥരും റെയില്‍വേ ഉദ്യോഗസ്ഥരും ഏകസ്വരത്തില്‍ ഉറപ്പ് നല്‍കിയപ്പോഴാണ് എം.എല്‍.എ ഉദ്ഘാടനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഈ മാസം 27ന് ടാറിങ് പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. 200 മീറ്റര്‍ ഹാന്‍ഡ് റെയില്‍, 250 മീറ്റര്‍ ക്രാഷ് ഗാര്‍ഡ്, നടപ്പാത, പെയിന്റിങ്, ഡ്രെയിനേജ്, പാലത്തിലും സര്‍വിസ് റോഡിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, പാലത്തിന് അടിയില്‍ ടൈല്‍ വിരിക്കൽ തുടങ്ങിയവയാണ് അവശേഷിക്കുന്ന ജോലികള്‍. റെയില്‍വേ പാളത്തിന് മുകളിലുള്ള സ്പാനുകളും പാലത്തിന്റെ മറ്റ് രണ്ട് ഭാഗത്തെ സ്പാനുകളും തമ്മില്‍ യോജിപ്പിക്കലും നടത്തേണ്ടതുണ്ട്.
പണികളെല്ലാം പൂര്‍ത്തിയായശേഷം പാലത്തില്‍ ലോഡ് കയറ്റിയുള്ള പരിശോധന നടത്തണം. 24 മണിക്കൂര്‍ സമയം ലോഡ് കയറ്റി നിര്‍ത്തിയാണ് ഈ പരിശോധന. ഈ പ്രവൃത്തികളെല്ലാം രാപകല്‍ പണിയെടുത്ത് തീര്‍ക്കാമെന്നാണ് കരാറുകാര്‍ നല്‍കിയിട്ടുള്ള ഉറപ്പ്. പാലത്തിന് അടിയില്‍ ഓപണ്‍ ജിംനേഷ്യവും പ്രഭാത നടപ്പാതയും നിര്‍മിക്കുന്നതിന്റെ പദ്ധതി തയാറാക്കാന്‍ നഗരസഭ എന്‍ജിനീയറോട് എം.എല്‍.എ നിര്‍ദേശിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളിലുള്ളതുപോലെ മികച്ച സംവിധാനങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം. ഇതിനുള്ള തുക എം.എല്‍.എ ഫണ്ടില്‍നിന്ന് നല്‍കും. തിരുവെങ്കിടം അടിപ്പാത സംബന്ധിച്ചുള്ള ഓഫിസ് സംബന്ധമായ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിന്റെ ഉദ്യോഗസ്ഥരോട് എം.എല്‍.എ നിര്‍ദേശിച്ചു. എ.സി.പി കെ.ജി. സുരേഷ്, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ സംസാരിച്ചു. എം.എല്‍.എയും എ.സി.പിയും മേല്പാലത്തില് കയറി നിര്‍മാണ പുരോഗതി നേരില്‍ കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.