ഗുരുവായൂർ മേൽപാലത്തിന് ‘ഹാപ്പി ബര്ത്ഡേ’
text_fieldsഗുരുവായൂര്‍: ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ മേൽപാലം യാഥാര്‍ഥ്യമായിട്ട് നവംബര്‍ 14ന് ഒരു വര്‍ഷം. അര കിലോമീറ്ററോളം നീളം വരുന്ന മേല്‍പ്പാലം 22 മാസം കൊണ്ടാണ് പണിതീര്‍ത്തത്. ഗുരുവായൂരിനൊപ്പം 10 മേൽപാലങ്ങള്‍ക്കാണ് കിഫ്ബി പദ്ധതിയില്‍ അനുമതി നല്‍കിയിരുന്നത്. ഈ പട്ടികയില്‍ എട്ടാമതായാണ് ഗുരുവായൂരിലെ പാലം പണി തുടങ്ങിയതെങ്കിലും ഏറ്റവുമാദ്യം പണി പൂര്‍ത്തിയായത് ഗുരുവായൂരിലേതായിരുന്നു. ഇതോടൊപ്പം പണി തുടങ്ങിയ പല പാലങ്ങളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആയിരിക്കെയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പിന്നീട് എന്‍.കെ. അക്ബര്‍ എം.എല്‍.എ ആയിരിക്കുമ്പോഴാണ് പണി തുടങ്ങി പൂര്‍ത്തിയാക്കിയത്. ദൈനംദിനമെന്നോണം എം.എല്‍.എയും നഗരസഭ ചെയര്മാന് എം. കൃഷ്ണദാസും പാലം പണി നടക്കുന്ന സ്ഥലത്തെത്തുമായിരുന്നു. ഉയര്‍ന്നുവന്ന സാങ്കേതിക തടസ്സങ്ങളെല്ലാം മറികടന്ന് പാലം അതിവേഗം പൂര്‍ത്തിയായി. 22 കോടിയോളമാണ് പാലത്തിന് ചെലവായത്.
പാലം കടന്നപ്പോള്‍
പാലം പണി വേഗത്തില്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധ ജോലികള്‍ ഇഴയുകയാണ്. പാലത്തിനടിയില്‍ ടൈല്‍ വിരിച്ചുള്ള സൗന്ദര്യവത്കരണം പദ്ധതിയില്‍ ഉണ്ടായിരുന്നെങ്കിലും പാലത്തിന്റെ കിഴക്ക് ഭാഗത്ത് മാത്രമാണ് ടൈല്‍ വിരിച്ചിട്ടുള്ളത്. പടിഞ്ഞാറ് ഭാഗത്ത് നിര്‍മാണാവശിഷ്ടങ്ങള്‍ കൂടിക്കിടക്കുകയാണ്. ഓപണ്‍ ജിം ആരംഭിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി ഇപ്പോഴും സാങ്കേതികത്വങ്ങളിലുടക്കി കിടക്കുകയാണ്. ഫുഡ് കോര്‍ട്ടും പാര്‍ക്കിങ്ങുമെല്ലാം ആരംഭിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനത്തിന്റെയും ഗതി ഇതുതന്നെ. പാലത്തിന് മുകളിലെ ഡ്രൈനേജ് സംവിധാനവും പൂര്‍ത്തിയായിട്ടില്ല. പലയിടത്തും പാലത്തിന് മുകളില്‍ വെറുതെ തുളയിട്ടിരിക്കുകയാണ്. കൃത്യമായി പൈപ്പും ഇരുമ്പ് ഗ്രില്ലുമൊന്നും സ്ഥാപിച്ചിട്ടില്ല. സര്‍വിസ് റോഡിലെ കാനകളും പൂര്‍ത്തിയാകാനുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് കേരളക്കാണ് (ആര്.ബി.ഡി.സി.കെ) 2028 നവംബര്‍ 14 വരെ പാലത്തിന്റെയും സര്‍വീസ് റോഡുകളുടെയും സംരക്ഷണ ചുമതല. അതിന് ശേഷം പി.ഡബ്ല്യു.ഡിക്ക് കൈമാറണം. പാലത്തിന്റെ അടിഭാഗത്തിന്റെ സംരക്ഷണം നഗരസഭക്ക് കൈമാറിയാലാണ് ഓപണ്‍ ജിമ്മും ഫുഡ് കോര്‍ട്ടുമെല്ലാം തുടങ്ങാനാവുക. ഇക്കാര്യത്തിലെ ചുവപ്പ് നാടകളാണ് പ്രശ്നത്തിലെ വില്ലന്‍. പാലത്തിനടിയില്‍ സുരക്ഷവേലി സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഒരു വര്‍ഷമായിട്ടും വേലി ഉയര്‍ന്നിട്ടില്ല.
പാലത്തിന് അടിയില്‍പ്പെട്ടവര്‍
മേൽപാല പരിസരത്തെ ഏഴ് കെട്ടിടങ്ങളിലായി നൂറിനടത്ത് സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നു. ഇതില്‍ 30ഓളം എണ്ണം ഇതിനകം പൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനകം തന്നെ ആറ് സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ട്. സ്ഥാപനം പൂട്ടിയാല്‍ മറ്റെന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തവരാണ് ഇപ്പോഴും തുറന്നിരിക്കുന്ന പലരും. ഏറെ തിരക്കുള്ള റോഡിന് അഭിമുഖമായി സ്ഥാപനം തുടങ്ങി നല്ല കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരാണ് പാലം വന്നതോടെ മോശം സ്ഥിതിയിലേക്ക് മാറിയത്. ഓപ്പണ്‍ ജിമ്മും ഫുഡ് കോര്‍ട്ടും പാര്‍ക്കിങ്ങുമെല്ലാം വന്നാല്‍ സാഹചര്യം കുറച്ചുകൂടി മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്. എന്നാല്‍, പാലം പണിയാനുണ്ടായ ഇച്ഛാശക്തി അനുബന്ധ പ്രവൃത്തികളില്‍ ഇല്ലെന്നാണ് ഇവരുടെ ആക്ഷേപം.
ഗുരുവായൂരില്‍ അലഞ്ഞു നടക്കുന്ന സംഘങ്ങളുടെ താവളമായി മേല്‍പ്പാലത്തിന്റെ അടിഭാഗം മാറിയിരിക്കുകയാണ്. ശബരിമല സീസണ് കാലമെത്തുമ്പോള്‍ ചെണ്ട വില്പനക്കാരായ നാടോടി സംഘങ്ങളുടെ താവളമാകുന്നുമുണ്ട്. ഇവർ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് വരെ പലപ്പോഴും ഇവിടെ തന്നെയാണ്. ഈ ശബരിമല സീസണില്‍ ഇത്തരം പ്രശ്നമുണ്ടാകില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ജലരേഖകളായി. പാലത്തിന് സമീപമുള്ള കച്ചവടക്കാര്‍ നിര്‍വധി സമരങ്ങള്‍ നടത്തിയെങ്കിലും ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.