ഗുരുവായൂര്‍ മേല്‍പാലം ഇന്ന് തുറക്കും
text_fieldsഗുരുവായൂര്‍: ഗുരുവായൂരിലേക്കുള്ള യാത്രയില്‍ വഴി മുടക്കിയായിരുന്ന റെയില്‍വേ ഗേറ്റ് ഇനിയില്ല. ഗേറ്റിന് മുകളിലൂടെ നിര്‍മിച്ച മേല്‍പാലം മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച വൈകീട്ട് നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈനിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, വി. അബ്ദുറഹിമാന്, കെ. രാജന്, ഡോ. ആര്. ബിന്ദു, എന്‍.കെ. അക്ബര്‍ എം.എല്‍.എ, ടി.എന്‍. പ്രതാപന് എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടില്‍നിന്നും 24.54 കോടി രൂപയാണ് മേല്‍പാലം നിർമാണത്തിന് അനുവദിച്ചത്. 2017ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയത്. മേല്‍പാല നിർമാണത്തിനായി 23 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍സ് ഓഫ് കേരള (ആര്.ബി.ഡി.സി.കെ) ആയിരുന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
2021 ജനുവരി 23ന് നിര്‍മാണ ഉദ്ഘാടനം നടത്തി. ഡിസംബറില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച പത്ത് റെയില്‍വേ മേല്പാലങ്ങളില് ആദ്യം പൂര്‍ത്തീകരിച്ചത് ഗുരുവായൂരിലേതാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രെക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിര്‍മാണം.
അഞ്ച് സ്പാനുകളിലായി 22 ഗര്‍ഡറുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 550 മീറ്റര്‍നീളവും 10.15 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. റോഡിന് 7.5 മീറ്ററാണ് വീതി. 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്.
പാലം കാണാന്‍ ജനം ഒഴുകുന്നു
തിങ്കളാഴ്ച പാലം പൊതുജനത്തിന് കാണാന്‍ തുറന്നിട്ടതോടെ പാലത്തിലേക്ക് ജനപ്രവാഹമായിരുന്നു. വാഹനങ്ങള്‍ക്ക് അനുമതി ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ്. പാലത്തിന് മുകളില്‍ സെല്‍ഫിയെടുക്കാന്‍ വന്‍ തിരക്കായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലം ദീപാലംകൃതമാക്കിയിരുന്നു.
തൊഴിലാളികള്‍ക്ക് വിരുന്ന്
പാലം പണിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ വിരുന്ന് നല്കി. ടൗണ്‍ ഹാളിലായിരുന്നു വിരുന്നൊരുക്കിയത്. പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.
ഓര്‍മയായി ഒട്ടേറെ പേരുടെ കണ്ണീരുവീണ ഗേറ്റ്
ഗുരുവായൂര്‍: കിഴക്കെ നട നമ്പര്‍ 14 ഗേറ്റും ഗേറ്റടച്ച സമയങ്ങളിലെ വാഹന നിരയുമെല്ലാം പാലം തുറക്കുന്നതോടെ ഓര്‍മയാവുകയാണ്. ഗുരുവായൂര്‍-തൃശൂര്‍ റോഡില്‍ യാത്ര ചെയ്യുന്നവരുടെ ഓര്‍മകളില്‍ ‘ശകുനംമുടക്കിയായ’ ഈ ഗേറ്റ് ഉണ്ടാകും. ഒരു ദിവസം 30ലധികം തവണയാണ് ഗേറ്റ് തുറന്നടക്കാറുള്ളത്.
ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന വി.ഐ.പികള്‍ അടക്കം ഗേറ്റില്‍ പലപ്പോഴും കാത്തുകിടന്നിട്ടുണ്ട്. അടഞ്ഞ ഗേറ്റിന് മുന്നില്‍ സൈറണ്‍ മുഴക്കി നില്ക്കുന്ന ആംബുലന്‍സുകളും സ്ഥിരം കാഴ്ചയായിരുന്നു.
ഗേറ്റ് അടക്കും മുമ്പ് കടക്കാന്‍ കുതിച്ചെത്തി ഗേറ്റിലിടിച്ച വാഹനങ്ങളും നിരവധിയാണ്. സാങ്കേതിക തകരാറുമൂലം ഗേറ്റ് തുറക്കാന്‍ കഴിയാതിരിക്കലും പൊട്ടിവീഴലുമൊക്കെ പല തവണ ആവര്‍ത്തിച്ചു. ഈ സമയമെല്ലാം ഗുരുവായൂരിലെ ചെറുറോഡുകള്‍ വാഹനപ്രളയത്തിലമര്ന്നു.
ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തുന്നവര്‍ കടന്നുപോകുന്ന വഴിയായതിനാല്‍ പല ഭാഷകളിലുള്ള ശകാരത്തിന്റെ ചൂട് ഇവിടെയുള്ള ഗേറ്റ് മാന്മാര് അറിഞ്ഞിട്ടുണ്ട്. പാലം പണി തുടങ്ങിയതോടെ ഗേറ്റ് അടച്ചിരുന്നു. പാലം വന്നതോടെ കിഴക്കെനട ഗേറ്റ് പൂര്‍ണമായും ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.