ഗുരുവായൂര്‍ മേല്‍പാലം ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും, ഓൺലൈനിൽ
text_fieldsഗുരുവായൂര്‍: നവംബര്‍ 14ന് നടക്കുന്ന മേൽപാലം ഉദ്ഘാടന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലം തുറന്നതിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, വി. അബ്ദുറഹിമാന്, കെ. രാജന്, ഡോ. ആര്. ബിന്ദു എന്നിവരും പങ്കെടുക്കും. വൈകീട്ട് ഏഴിന് ടൗണ്‍ഹാള്‍ പരിസരത്താണ് ഉദ്ഘാടന യോഗം. കെ.എസ്.ആര്.ടി.സി ബസുകളാണ് ആദ്യം പാലത്തില്‍ കയറുകയെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് എന്നിവര്‍ അറിയിച്ചു. ഈ ബസുകളില്‍ വിശിഷ്ടാതിഥികള്‍ പാലത്തിലൂടെ സഞ്ചരിക്കും. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും സൗജന്യമായി പാലത്തിലൂടെ കെ.എസ്.ആര്.ടി.സിയില്‍ സഞ്ചരിക്കാം. ഇതിനായി മൂന്ന് ബസുകള്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഗാനമേളയടക്കമുള്ള കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പാലത്തില്‍ അവശേഷിക്കുന്ന ജോലികള്‍ ഞായറാഴ്ച പൂര്‍ത്തിയാകും. പാലത്തിനടയിലെ ടൈല്‍ വിരിക്കല്‍ ഉദ്ഘാടനത്തിനുശേഷം നടത്തും. എ.സി.പി കെ.ജി. സുരേഷ്, തഹസില്‍ദാര്‍ ടി.കെ. ഷാജി എന്നിവരും അവലോകന യോഗത്തില്‍ സംസാരിച്ചു.
ചൂടാകാത്ത എം.എല്‍.എ
പൊട്ടിത്തെറിച്ചും ക്ഷുഭിതനായും അവലോകന യോഗത്തില്‍ പങ്കെടുക്കാറുള്ള എന്‍.കെ. അക്ബര്‍ എം.എല്‍.എ ശനിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത് നിറഞ്ഞ ചിരിയോടെ. ഏറ്റെടുത്ത ദൗത്യ പൂര്‍ത്തീകരിച്ച സന്തോഷത്തിലായിരുന്നു എം.എല്‍.എ. യോഗത്തിനിടെ നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് ഇക്കാര്യം തുറന്നു പറഞ്ഞു. ‘എം.എല്‍.എ ചൂടാകാതെ പങ്കെടുത്ത ഏക അവലോകന യോഗമാണ് ഇത്’എന്നായിരുന്നു ചെയര്‍മാന്റെ കമന്റ്. എം.എല്‍.എയുടെ വാക്കിന്റെ ചൂടറിഞ്ഞിട്ടുള്ള ഉദ്യോഗസ്ഥരും കരാറുകാരുടെ പ്രതിനിധികളുമെല്ലാം ചെയര്മാന് പറഞ്ഞത് ശരിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.