ഗുരുവായൂർ 24 മണിക്കൂർ ഇരുട്ടിൽ ; കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം
text_fieldsഗുരുവായൂർ: ബുധനാഴ്ച രാവിലെ എട്ടിന് പോയ വൈദ്യുതി ഗുരുവായൂരിന്റെ പല ഭാഗങ്ങളിലും എത്തിയത് വ്യാഴാഴ്ച രാവിലെ. അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ രാത്രി ഏറെ വൈകിയാണ് പലയിടത്തും വൈദ്യുതിയെത്തിയത്. മമ്മിയൂർ ഫീഡർ പരിധിയിലാണ് ഏറെ വൈകിയത്. ജനറേറ്റുകളിലെ ഇന്ധനത്തിനായി പെട്രോൾ പമ്പുകളുടെ മുന്നിൽ നീണ്ട വരിയായിരുന്നു. ടാങ്കുകളിൽ സംഭരിച്ച വെള്ളം തീർന്ന് വീട്ടുകാരും വലഞ്ഞു. രാത്രി വൈകിയും വൈദ്യുതി എത്താതായതോടെ മെഴുകുതിരികൾ വാങ്ങാനും നെട്ടോട്ടമായി. പരാതി പ്രവാഹമായതോടെ വൈദ്യുതി മന്ത്രിയുടെ ഓഫിസും എം.എൽ.എയും നഗരസഭ ചെയർമാനും അടക്കമുള്ള ജനപ്രതിനിധികളും ഇടപ്പെട്ടു. എന്നാൽ സാങ്കേതിക കാരണങ്ങളാണ് കെ.എസ്.ഇ.ബി പറഞ്ഞത്. ബാനർജി നഗർ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് വൈദ്യുതിയെത്തിയത്.
10 മിനിറ്റിനകം തീർക്കാവുന്ന പ്രശ്നങ്ങൾ അനാസ്ഥമൂലം വൈകിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ് പറഞ്ഞു. പ്രകൃതി ദുരന്തമല്ല, ഉദ്യോഗസ്ഥ അനാസ്ഥ മാത്രമാണ് ജനത്തെ ദുരിതത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തി 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിച്ചു. കുറഞ്ഞ സമയത്തിൽ തീർക്കാവുന്ന പ്രശ്നമാണ് കെ.എസ്.ഇ.ബി വഷളാക്കിയതെന്നും സുമേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.